Madhavam header
Above Pot

നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ചുട്ടുകൊന്നു

മാവേലിക്കര: മാവേലിക്കരയിൽ നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ചുട്ടുകൊന്നു. മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനാണ് കൊല്ലപ്പെട്ടത് . സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.

കൊലപാതകം നടത്തിയ അജാസ് എന്ന പൊലീസുകാരനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.

Astrologer

നടുറോഡിൽ പെട്രോളൊഴിച്ച് ചുട്ടുകൊന്ന പൊലീസുദ്യോഗസ്ഥ സൗമ്യ പുഷ്പകരന്‍റെ പോസ്റ്റ് മോർട്ടം ഞായറാഴ്ച നടക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‍മോർട്ടം. സൗമ്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ചെങ്ങന്നൂർ ഡിവൈഎഎസ്‍പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ ചികിത്സയിലുള്ള പ്രതി അജാസിന്‍റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പൊലീസ് വിശദമായി ചോദ്യംചെയ്യും. വള്ളികുന്നത്തെ സൗമ്യയുടെ ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൊലീസ് സംഘം മൊഴിയെടുക്കുന്നുണ്ട്.

വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ കൊച്ചി കാക്കനാട് സ്വദേശിയായ അജാസിന് നേരത്തേ പരിചയമുണ്ടായിരുന്നു. ആലുവ ട്രാഫിക് സ്റ്റേഷനിലാണ് അജാസ് ജോലി ചെയ്യുന്നത്. മൂന്ന് വർഷം മുമ്പാണ് സൗമ്യയും അജാസും പരിചയപ്പെടുന്നത്. തൃശൂരിലെ കെഎപി ബറ്റാലിയനിൽ വച്ച് അജാസ് സൗമ്യയ്ക്ക് ട്രെയിനിങ് നൽകിയിരുന്നു. പിന്നീട് ഇരുവരും വഴക്കിടുകയും വ്യക്തിവൈരാഗ്യമായി മാറുകയും ചെയ്തു. ഇതാണ് കൊലപാതകത്തിനു കാരണമായി പൊലീസ് പറയുന്നത്.

കഴിഞ്ഞ 15 ദിവസമായി മെഡിക്കൽ ലീവിലായിരുന്ന പ്രതി കൊല്ലപ്പെട്ട സൗമ്യയെ പിന്തുടരുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലണമെന്ന് ഉറച്ചു തന്നെയാണ് ഇയാൾ കൃത്യത്തിനെത്തിയത്.സൗമ്യവീട്ടിലേക്ക് പോയപ്പോഴും പിന്നീട് വീട്ടിൽ നിന്ന് പുറത്തേക്ക് വന്നപ്പോഴുമെല്ലാം ഇയാൾ സൗമ്യയ്ക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു. കാറിൽ വടിവാളും പെട്രോളും കരുതിയത് ആസൂത്രിക കൊലപാതത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഉച്ചതിരിഞ്ഞ് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ സൗമ്യ സ്കൂട്ടറിൽ കാഞ്ഞിപ്പുഴയിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അജാസ് ആക്രമിച്ചത്. വീടിന് സമീപം വച്ച്, കാറിലെത്തിയ പ്രതി അജാസ് സൗമ്യയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി. നിലത്ത് നിന്ന് എണീറ്റ് ഓടാൻ ശ്രമിച്ച സൗമ്യയെ പിന്നാലെയെത്തിയ അജാസ് വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പ്രാണരക്ഷാർത്ഥം ഓടിയ സൗമ്യ അജാസിനെ കെട്ടിപ്പിടിച്ചു. ഇതോടെ കൊലയാളിക്കും പൊള്ളലേറ്റു.

സൗമ്യയുടെ നിലവിളി ഓടിയെത്തിയ നാട്ടുകാർക്ക് രക്ഷിക്കാൻ സാധിക്കാത്ത വിധം വലിയ അ​ഗ്നിബാധയാണ് ഉണ്ടായത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിസരത്തുണ്ടായിരുന്ന അജാസിനെ നാട്ടുകാർ പിടികൂടി പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.

Vadasheri Footer