Madhavam header
Above Pot

യുവതി പ്രവേശന വിഷയത്തിൽ ഹിന്ദു പാർലമെന്റിന് നിലപാട് മാറ്റമില്ല -ആത്മീയ സഭ

ഗുരുവായൂർ : ശബരിമല യുവതി പ്രവേശനം അരുതെന്നും ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമുള്ള ഹിന്ദുപാർലമെന്റ് നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഹിന്ദു പാർലമെന്റ് ആത്മീയ സഭ സംസ്ഥാന വർക്കിംഗ് ചെയർമാൻ സ്വാമി ഹരിനാരായണൻ വ്യക്തമാക്കി.
മുഖ്യമന്ത്രി വിളിച്ചു ചേർത്ത വനിത മതിൽ സംഘാടക സമിതിയിൽ ഹിന്ദുപാർലമെന്റ് ജനറൽ സിക്രട്ടറിയും, ചെയർമാനും ഭാരവാഹികൾ ആയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ ആദ്യം പ്രത്യക്ഷ സമരം ആരംഭിച്ചത് ഹിന്ദു പാർലമെന്റ് ആണ്.
രണ്ടാം ഘട്ട സമരത്തിൽ ഞാനുൾപ്പെടെ നിരവധി ഹിന്ദു പാർലമെന്റ നേതാക്കൾ അറസ്റ്റ് വരിച്ച് ജയിൽവാസം അനുഭവിച്ചു.
ഹിന്ദു പാർലമെന്റ് എന്നത് 108 ഓളം സാമുദായിക സംഘടനകളും ട്രസ്റ്റുകളും അംഗങ്ങളായിട്ടുള്ള രാഷ്ട്രീയേതരമായ സംഘടന സംവിധാനമാണ്.
ജനസഭ, ആത്മീയ സഭ എന്നീ രണ്ട് വിഭാഗങ്ങളായി പ്രവർത്തിക്കുന്നു.
അംഗ സംഘടനകൾക്ക് തീരുമാനങ്ങളിൽ വിയോജിക്കാനും യോജിക്കാനുമുള്ള പരിപൂർണ്ണ സ്വതന്ത്ര്യവും ജനാധിപത്യവും ഉറപ്പു വരുത്തിയിട്ടുണ്ട്.
ഭൂരിപക്ഷ തീരുമാനപ്രകാരം തന്നെയാണ് ശബരിമല വിഷയത്തിൽ നിലപാട് കൈകൊണ്ടിട്ടുള്ളത്.
അംഗ സംഘടനകൾ സ്വന്തം നിലയിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തതിലോ അവരവരുടെ നിലപാടുകൾ പറഞ്ഞതിലോ തെറ്റില്ല.
അവർ ഈ വിഷയത്തിലുള്ള നിലപാട് യോഗത്തിൽ അറിയിച്ചിട്ടുമുണ്ട് എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.ഡിസംബർ 11 ന് കോട്ടയത്ത് ചേരുന്ന ആത്മീയ സഭ നേതൃസമ്മേളനം ഈ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Vadasheri Footer