ഏത് സ്ഥാനമാനം നഷ്ടപ്പെട്ടാലും ജീവൻ ഉള്ളിടത്തോളം അഴിമതിക്ക് എതിരെ പോരാട്ടം തുടരും : അനിൽ അക്കര.
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന വിധി സന്തോഷകരമെന്ന് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര. വീട് മുടക്കി എന്ന പേരിൽ തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കിട്ടിയ മറുപടി കൂടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ജീവൻ ഉള്ളിടത്തോളം അഴിമതിക്ക് എതിരെ പോരാട്ടം തുടരും. ഏത് സ്ഥാനമാനം നഷ്ടപ്പെട്ടാലും അഴിമതി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടങ്ങുമ്പോൾ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും തെളിയുമെന്ന് അനിൽ അക്കര പറഞ്ഞു. തെളിവുകൾ സിബിഐക്ക് കൈമാറും. വിജിലൻസ് അന്വേഷണം അവസാനിപ്പിച്ച് പൂർണമായും കേസ് സിബിഐക്ക് കൈമാറണം. ഇല്ലെങ്കിൽ കോടതിയെ സമീപിക്കും. ക്രിമിനൽ പെറ്റീഷൻ ആയതിനാൽ സർക്കാരിന് സുപ്രീം കോടതിയിൽ മാത്രമേ അപ്പീൽ നൽകാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
വിധിന്യായത്തിൽ രാഷ്ട്രീയ നേതൃത്വത്തെ കുറ്റപ്പെടുത്താനാവില്ലെന്ന് വ്യക്തമായി കോടതി പറഞ്ഞിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയാണെന്നും രാഷ്ട്രീയ നേതൃത്വത്തിന് ഇതിൽ പങ്കില്ലെന്നും വിധിന്യായത്തിലുണ്ടെന്നും അദ്ദേഹം വാദിച്ചു. സർക്കാരിന് ഒന്നും മറയ്ക്കാനില്ലെങ്കിൽ എന്തിനാണ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് എംടി രമേശ് ചോദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ലൈഫ് മിഷൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിനുള്ള സാധ്യത പരിശോധിക്കുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സർക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നല്‍കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും, യൂണിടെക്കും നൽകിയ ഹർജികൾ തള്ളിയാണ് ഹൈക്കോടതി സിബിഐ അന്വേഷണം തുടരാമെന്ന് വിധിച്ചത്. സംസ്ഥാന സർക്കാരിനെ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നുള്ള ആവശ്യവും കോടതി തള്ളി.
എഫ്‍സിആര്‍എ നിയമങ്ങളടക്കമുള്ള സിബിഐ വാദങ്ങൾ കണക്കിലെടുത്താണ് കോടതിയുടെ വിധി. ഉദ്യോഗസ്ഥർ നടത്തുന്ന കുറ്റങ്ങളുടെ ബാധ്യത രാഷ്ട്രീയക്കാർക്ക് മേൽ ചുമത്താൻ ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് ബുദ്ധിപരമായ അഴിമതി ആണ്. നയപരമായ തീരുമാനം എടുത്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ കുറ്റം ആരോപിക്കാൻ ആകില്ല. ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ അഴിമതിയാണിതെന്നും കോടതി നിരീക്ഷിച്ചു.
ലൈഫ് പദ്ധതിയിൽ എഫ്‍സിആര്‍എ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നായിരുന്നു സർക്കാർ വാദം. എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വഷണമെന്നായിരുന്നു സിബിഐ വാദം. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസിൽ നേരത്തെ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് വി ജി അരുൺ ലൈഫ് മിഷൻ സിഇഒയ്ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നു.