സോളാർ സിസ്റ്റം, കണക്കെടുത്തതിൽ തെറ്റ് പറ്റിയെന്ന് പറഞ്ഞ് വൻ ബിൽ, വൈദ്യുതി വിച്ഛേദിക്കരുതെന്ന് ഉത്തരവ്
തൃശൂർ : വൈദ്യുതി ചാർജ് കൃത്യമായി അടച്ചു വരുന്ന ഉപഭോക്താവിന് വൻ ബിൽ നൽകിയതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ കണക്ഷൻ വിച്ഛേദിക്കരുതെന്ന് ഉത്തരവ്. മണ്ണുത്തി സ്നേഹപാലം റോഡിലെ പനക്കൽ വീട്ടിൽ ബാബു പനക്കൽ ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിററി ബോർഡിൻ്റെ മണ്ണുത്തി ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തുള്ള സെക്രട്ടറിക്കെതിരെയും ഇപ്രകാരം ഉത്തരവായത്.ഹർജിക്കാരൻ കൃത്യമായി വൈദ്യുതി ചാർജ് അടച്ചു വരുന്നതാകുന്നു. ഹർജിക്കാരന് കുടിശ്ശികയെന്ന് പറഞ്ഞ് 57298 രൂപയുടെ ബില്ലാണ് നൽകിയത് . സോളാർ സിസ്റ്റം സ്ഥാപിച്ചിട്ടുള്ള ബാബുവിൻ്റെ വീട്ടിൽ ഇംപോർട്ട് ഏൻ്റ് എക്സ്പോർട്ട് ഉപഭോഗം പരസ്പരം മാറ്റി രേഖപ്പെടുത്തി എന്ന് പറഞ്ഞാണ് ഇപ്രകാരം വൻതുകക്കുള്ള ബിൽ നൽകിയത് .സംഖ്യ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്നും അറിയിച്ചു . തുടർന്ന് ബിൽ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജിയോടൊപ്പം ഫയൽ ചെയ്ത പ്രത്യേക അപേക്ഷ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർ ശ്രീജ.എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി പ്രഥമ ദൃഷ്ട്യാ ഹർജിക്കാരനനുകൂലമായ വസ്തുതകളുണ്ടെന്ന് വിലയിരുത്തി കണക്ഷൻ വിച്ഛേദിക്കരുതെന്ന് കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി