
വ്യാജനെ പിരിച്ചു വിട്ടു പിണക്കാതിരിക്കാൻ ദേവസ്വത്തിന്റെ മുൻകരുതൽ

ഗുരുവായൂർ : വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗുരുവായൂർ ദേവസ്വത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി ജോലി നേടിയ അനൂപിനെ പിരിച്ചു വിട്ടു പിണക്കാതിരിക്കാൻ ഭരണ സമിതിയുടെ മുൻ കരുതൽ ,പിരിച്ചു വിടാതിരിക്കാൻ നിയമോപ ദേശം തേടാൻ വെള്ളിയാഴ്ച കൂടിയ ഭരണ സമിതി യോഗം തീരുമാനിച്ചു . നിയമോപദേശം ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു ഈ ഭരണ സമിതിയുടെ കാലാവധി തീരും വരെ വരെ പിരിച്ചുവിടൽ മാറ്റി വെക്കാൻ ഇതോടെ സാധ്യമാകും എന്നാണ് കണക്കു കൂട്ടൽ . വെള്ളിയാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ നിന്ന് മനോജ് ബി നായരും , ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും വിട്ടു നിന്നു .

വ്യാജ രേഖ ചമച്ചാണ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തൃശൂർ കോലഴി കാട്ടുങ്ങൽ അനൂപ് ജോലി നേടിയതെന്ന് ഹൈക്കോടതി നിർദേശ പ്രകാരം അന്വേഷണം നടത്തിയ സംസ്ഥാന പോലീസ് വിജിലൻസ് കണ്ടെത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഇയാളുടെ നിയമന ഉത്തരവ് റദ്ദാക്കിയത് .സംസ്ഥാന സർക്കാരിന്റെ സ്ഥാപനങ്ങൾ നൽകിയ റിപ്പോർട്ടിന്റെ സാധുതയെ തന്നെയാണ് ഗുരുവായൂർ ദേവസ്വം ചോദ്യം ചെയ്യുന്നത് . ഹൈക്കോടതിയെക്കാളും മുകളിലാണ് ഗുരുവായൂർ ദേവസ്വം എന്നാണ് ഒരു വിരമിച്ച കോളേജ് അധ്യാ പകൻ സാരഥ്യം വഹിക്കുന്ന ഭരണ സമിതിയുടേതെന്ന സംശയമാണ് ഉയരുന്നത് .

ഇതിന് മുൻപ് ക്ഷേത്രത്തിൽ വാദ്യ രംഗത്ത് ഒരാൾ ജോലി നേടിയത് വ്യാജ രേഖ ചമച്ചാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഒരു നിയമോപദേശവും വാങ്ങാതെയാണ് അയാളെ പിരിച്ചു വിട്ടത് . അനൂപിന്റെ കാര്യത്തിൽ മാത്രമാണ് ഇത്രയും വലിയ കരുതൽ ദേവസ്വം നടത്തുന്നത് . ഇത് തങ്ങൾ നടത്തിയ അഴിമതി പുറത്തു വരുമെന്ന ഭയം കൊണ്ട് മാത്രമാണെത്രെ . എത്ര വലിയ ധർമ്മ പ്രഭാഷകൻ ആയാലും ചക്കര കുടത്തിൽ കയ്യിട്ടാൽ നാക്കാതിരിക്കാൻ കഴിയില്ലല്ലോ എന്നാണ് ഗുരുവായൂരപ്പ ഭക്തർ ചോദിക്കുന്നത്. .