
വ്യാജ രേഖ ചമച്ച് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് 3.75 ലക്ഷം തട്ടിയെടുത്തു.

ചാവക്കാട്: വ്യാജരേഖ ചമച്ച് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് 3.75 ലക്ഷം രൂപയുടെ സബ്സിഡി തുക തട്ടിയെടുത്തതായി ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്, വൈസ് പ്രസിഡന്റ് മന്ദലംകുന്ന് മുഹമ്മദുണ്ണി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. രണ്ട് വനിതാ ജനപ്രതിനിധികളാണ് തുക തിരിമറി നടത്തി തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ഇവരില്‍ ഒരാള്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും മറ്റൊരാള്‍ പുന്നയൂര്‍ പഞ്ചായത്ത് അംഗവുമാണെന്നു പറയുന്നു. 2024-25 സാമ്പത്തിക വര്‍ഷം വനിതാ ഗ്രൂപ്പുകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് ആരോപണവിധേയരായ രണ്ട് ജനപ്രതിനിധികള്‍ അംഗമായ ഗ്രൂപ്പിന് തുക അനുവദിച്ചത്. കേരള ബാങ്കിന്റെ എടക്കര ബ്രാഞ്ച് സഹായത്തോടെ അഞ്ചുലക്ഷം രൂപയാണ് വായ്പ അനുവദിച്ചത്. ഇതില്‍ 3.75 ലക്ഷം രൂപയാണ് ബ്‌ളോക്ക് പഞ്ചായത്ത് സബ്സിഡി നല്‍കിയത്. സ്ഥാപനത്തെ കുറിച്ചു ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ ബ്‌ളോക്ക് സെക്രട്ടറിയും വ്യവസായ ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ നമ്പര്‍ പോലും ഇല്ലാത്ത ഒരു ഷെഡ്ഡില്‍ പഴയ രണ്ട് കമ്പ്യൂട്ടറുകളും പഴയ ഒരു മോണിറ്ററും മാത്രമാണ് കണ്ടത്. സ്ഥാപനം പ്രവര്‍ത്തനരഹിതമായി കിടക്കുകയായിരുന്നു. ഗ്രൂപ്പ് ബ്ലോക്ക് പഞ്ചായത്തിന് സമര്‍പ്പിച്ച ഒരു സ്ഥാപനത്തിന്റെ ബില്ലില്‍ പുതിയ നാലു കംപ്യൂട്ടറുകള്‍ വാങ്ങിയതായുള്ള വ്യാജ രേഖയാണ് കാണിച്ചിട്ടുള്ളതെന്നു പറയുന്നു. പദ്ധതി നടത്തിപ്പിനായി ഒരു സംവിധാനവും ചെയ്യാതെ രണ്ടു ജനപ്രതിനിധികളും ചേര്‍ന്ന് പണം തട്ടിയെന്നാണ് പരാതി. സ്ഥാപനത്തിന്റെ ഉദ്ഘാടനം നടത്താന്‍ നിരവധി തവണ ബ്ലോക്ക് പ്രസിഡന്റ് ആവശ്യപ്പെട്ടെങ്കിലും ബ്‌ളോക്ക് അംഗം ഒഴിഞ്ഞുമാറിയെന്നു പറയുന്നു. സബ്സിഡി തുക തിരിച്ചുപിടിക്കാനും ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ മന്ത്രിക്കും പോലീസിനും പരാതി നല്‍കാനും തീരുമാനിച്ചതായി ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു. സത്യപ്രതിജ്ഞ ലംഘനം നടത്തിയ രണ്ടു ജനപ്രതിനിധികളെയും അയോഗ്യരാക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ബ്ലോക്ക് അംഗങ്ങളായ കെ. ആഷിത, തെക്കുമുറി കുഞ്ഞിമുഹമ്മദ്, കെ. ഖമറുദ്ദീന്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
