Header 1 = sarovaram
Above Pot

വോട്ടിംഗ് യന്ത്രങ്ങളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് ആറ്, ഏഴ് തീയതികളില്‍

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നവുമടങ്ങിയ ലേബലുകള്‍ ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ നടക്കും. വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തിലാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. സ്ഥാനാര്‍ഥികളുടെ അഭാവത്തില്‍ ഏജന്റിനും പങ്കെടുക്കാം.

ഇതിനായുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഡിസംബര്‍ നാല് ,അഞ്ച് തീയതികളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ബ്ലോക്ക് പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്ക് വിതരണം ചെയ്യും. തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് കൈമാറും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കായി മൂന്നു ബാലറ്റ് യൂണിറ്റുകളാണ് ഉപയോഗിക്കുക. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വെള്ള ലേബലാണ് ഉപയോഗിക്കുക. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും യഥാക്രമം പിങ്ക്, ഇളം നീല ലേബലുകളുമാണുള്ളത്.

Astrologer

മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 15-ല്‍ കൂടുതലാണെങ്കില്‍ അധികമായി ഒരു ബാലറ്റ് യൂണിറ്റ് കൂടി ഉപയോഗിക്കും. കാന്‍ഡിഡേറ്റ് സെറ്റിംഗിനു ശേഷം പ്രവര്‍ത്തനം കൃത്യമെന്ന് ഉറപ്പാക്കുന്നതിന് മോക് പോള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഇതിനുള്ള ഹാളുകള്‍ തലേ ദിവസം അണുവിമുക്തമാക്കും. സാമൂഹിക അകലം ഉറപ്പുവരുത്തി പരമാവധി 30 പേരെ മാത്രമേ ഹാളില്‍ പ്രവേശിപ്പിക്കൂ.

കാന്‍ഡിഡേറ്റ് സെറ്റിംഗ് പൂര്‍ത്തിയാക്കി വോട്ടിംഗ് യന്ത്രങ്ങള്‍ വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റും. ഇവിടെ നിന്നാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടത്തുക. ഡിസംബര്‍ ഒന്‍പതിനാണ് ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും മറ്റു പോളിംഗ് സാമഗ്രികളുടെയും വിതരണം.

Vadasheri Footer