Header 1 = sarovaram
Above Pot

കൊടി സുനിയുടെ നേതൃത്വത്തിൽ തടവുപുള്ളികൾ വിയ്യൂർ ജയിൽ ജീവനക്കാരെ ആക്രമിച്ചു

തൃശൂർ : വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചു. മൂന്ന് ജയിൽ ജീവനക്കാർക്കും ഒരു പ്രതിക്കും പരിക്കേറ്റു. വലിയൊരു സംഘർഷം ജയിലിലുണ്ടായെന്നാണ് വിവരം. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബു രാജ് തുടങ്ങിയ പത്തോളം തടവുകാരായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് പിന്നിൽ. ജയില്‍ ജീവനക്കാരായ അര്‍ജുന്‍, ഓംപ്രകാശ്, വിജയകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അര്‍ജുന്‍റെ പരിക്ക് സാരമുള്ളതാണ്.

Astrologer

തിരുവനന്തപുരം ജയിലിൽ നിന്നും അച്ചടക്ക പ്രശ്നങ്ങളെ തുടർന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റിയ കാട്ടുണ്ണി രഞ്ജിത്ത് എന്ന കൊലക്കേസ് പ്രതിയും സംഘവുമാണ് രാവിലെ ആദ്യം പ്രശ്നങ്ങൾ തുടങ്ങിയത്. ഓഫീസിലേക്ക് പരാതിയുമായി പോയ അവർ ഓഫീസ് മുറിയിൽ വെച്ച് ചായ കൊണ്ടുവന്ന ഗ്ലാസ് കൊണ്ട് കൈമുറിക്കാൻ ശ്രമിച്ചു. ഈ സമയത്ത് തന്നെ കൊടി സുനിയുടെ നേതൃത്വത്തിലുളള സംഘം ഗാർഡ് ഓഫീസറുടെ മുറിയും തകർത്തു. മുറിയിലുണ്ടായിരുന്ന ഫർണീച്ചറുകളും തകർത്തുവെന്നുമാണ് ജയിൽ അധികൃതർ പറയുന്നത്. ജില്ലാ ജയിലിൽ നിന്നും കൂടി ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.

Vadasheri Footer