എല്ലാ മണ്ഡലങ്ങളിലേയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണണം : സുപ്രീം കോടതി

">

ദില്ലി: എല്ലാ മണ്ഡലങ്ങളിലേയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണണമെന്ന് സുപ്രീം കോടതി. അൻപത് ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. വിവി പാറ്റ് രസീതുകൾ എണ്ണാൻ വലിയ സമയം വേണ്ടിവരുമെന്നും ഫലപ്രഖ്യാപനം ദിവസങ്ങൾ നീളുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.

ജനാധിപത്യത്തിൽ എല്ലാവരേയും കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് വിധി പുറപ്പെടുവിച്ചത്. നിലവിൽ ഒരു മണ്ഡലത്തിലെ ഒരു മെഷീനിലെ രസീതുകൾ മാത്രമാണ് എണ്ണുന്നത്. ഇത് അഞ്ചാക്കി ഉയർത്തുന്നതുകൊണ്ട് ഗണ്യമായ സമയവ്യത്യാസം ഫലപ്രഖ്യാപനത്തിൽ ഉണ്ടാകാനിടയില്ല. ഏതെങ്കിലും സ്ഥാനാർത്ഥിക്ക് പരാതിയുണ്ടെങ്കിൽ വീണ്ടും വോട്ടെണ്ണൽ നടത്താം. അപ്പോൾ വേണ്ടിവന്നാൽ മുഴുവൻ വിവിപാറ്റ് രസീതുകളും എണ്ണാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

അൻപത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വിവിപാറ്റ് എണ്ണുന്നത് പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നിലപാട് അറിയിച്ചത്. വിവി പാറ്റ് എണ്ണിയാൽ വോട്ടെണ്ണൽ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. ഫലം അറിയാൻ കാത്തിരിക്കാൻ തയ്യാറാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

അമ്പത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണുക തന്നെ വേണമെന്ന് കഴിഞ്ഞ ദിവസം ആം ആദ്മിയും ടിഡിപിയും അടക്കം 21 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പരിഗണിച്ചാൽ മെയ് 23 ന് നിശ്ചയിച്ച ഫലപ്രഖ്യാപനം നടക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. 400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കിൽ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് ഒൻപത് ദിവസമെങ്കിലും വേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഏതായാലും ഒടുവിൽ ഒരു മണ്ഡലത്തിലെ അഞ്ച് മെഷീനുകളുടെ രസീതുകൾ എണ്ണാൻ സുപ്രീം കോടതി വിധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors