
വിഷു ദിനത്തിൽ കണ്ണനെ കണികാണാൻ വൻ ഭക്തജന തിരക്ക്

ഗുരുവായൂർ : വിഷു ദിനത്തിൽ കണ്ണനെ കണികാണാൻ ഗുരുവായൂരിൽ വൻ ഭക്ത ജന തിരക്ക്ആണ് അനുഭവപ്പെട്ടത് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരുന്നു വിഷുക്കണി ദർശനം. ഇന്നലെ രാത്രി തൃപ്പുകയ്ക്ക് ശേഷം ശാന്തിയേറ്റ കീഴ്ശാന്തി. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ കണിയൊരുക്കി . ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക,നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാൽക്കണ്ണാടി, സ്വർണം, പുതുപ്പണം, കൊന്നപ്പൂവ്, അലക്കിയ മുണ്ട് എന്നിവ കണിയായി ഒരുക്കി.

മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലർച്ചെ രണ്ടിന് ശേഷം കുളിച്ച് ശ്രീലക വാതിൽ തുറന്നു. നാളികേരമുടച്ച് തിരിയിട്ട് കത്തിച്ച് കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നൽകി.
തുടർന്ന് അലങ്കാരത്തോടെ സ്വർണത്തിടമ്പ് പൊൻപീഠത്തിൽ എഴുന്നള്ളിച്ച് വയ്ച്ചു. മുന്നിൽ കണിക്കോപ്പും ഒരുക്കി. തുടർന്ന് ശ്രീലക വാതിൽ തുറന്നതോടെ കണി ദർശനത്തിനായി ഭക്തജന പ്രവാഹമായിരുന്നു . ശ്രീലങ്കത്ത് ഗുരുവായൂരപ്പന്റെ വലതുഭാഗത്ത് ആലവട്ടം,വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിച്ച സ്വർണ്ണ സിംഹാസനത്തിൽ കണ്ണന്റെ തങ്കത്തിടമ്പും കണിക്കോപ്പുകളും കണി കണ്ട് ഭക്തർസായൂജ്യമടഞ്ഞു കണി കണ്ടവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി.ഒരു മണിക്കൂർ കണി ദർശനമുണ്ടായി.
വിഷുനാളിൽ നാലു കറികളും ഇടിച്ചുപിഴിഞ്ഞ പായസവുമായി ഉച്ച നിവേദത്തിന് ഗുരുവായൂരപ്പന് നമസ്കാര സദ്യ വിശേഷമാണ്.ക്ഷേത്രത്തിൽ വിഷു സദ്യയും ഉണ്ടായി. വിഷു സദ്യ കഴിക്കാൻ ആയിരങ്ങളാണ് എത്തിയത് . ക്ഷേത്രത്തിൽ സമ്പൂർണ നെയ് വിളക്കാഘോഷം നടന്നു .ലണ്ടനിലെ വ്യവസായി പരേതനായ ഗുരുവായൂർ തെക്കുമുറി ഹരിദാസിന്റെ കുടുംബത്തിന്റെ വകയാണ് വിഷു നാളിലെ വിളക്കാഘോഷം.

രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിയുണ്ടായി .കാലത്തും ഉച്ച തിരിഞ്ഞും പെരുവനം സതീശന്മാരാരുടെ മേളത്തോടെയാണ് കാഴ്ച ശിവേലി നടന്നത് , സന്ധ്യയ്ക്ക് താമരയൂർ അനീഷ് നമ്പീശൻ,പേരാമംഗലം ശ്രീക്കുട്ടൻ മാരാർ എന്നിവരുടെ തായമ്പക അരങ്ങേറി രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിന് കൊമ്പൻ സിദ്ധാർത്ഥൻ കോലമേറ്റി . ഇന്നലെ വൈകീട്ട് മുതൽ മണിക്കൂറുകൾ വരിനിന്നാണ് പലരും വിഷു കണി ദർശനം നടത്തിയത് . വരിയിൽ നിൽക്കുന്നവർക്ക് ഇരിക്കാനായി ദേവസ്വം ബഞ്ചുകൾ ഇട്ടിരുന്നെങ്കിലും മുന്നിലെന്ന് പേർക്ക് ഇരിക്കാനുള്ള സൗകര്യം മാത്രം ഒരുക്കാൻ ദേവസ്വത്തിന് കഴിഞ്ഞിരുന്നുള്ളൂ