‘മടങ്ങി വരൂ സഖാവേ’; വിദ്യയുടെ ചിത്രവുമായി കെഎസ്‍യു ലുക്കൗട്ട് നോട്ടീസ് ക്യാമ്പയിൻ
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് ക്യാമ്പയിനുമായി കെഎസ്‍യു. മഹാരാജാസ് കോളേജിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നേരിടുന്ന മുൻ എസ്എഫ്ഐ പ്രവർത്തകയായ കെ വിദ്യയെ നാളിതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് കെഎസ്‍യുവിന്റെ ക്യാമ്പയിൻ.
ജൂൺ 12 മുതൽ 15 വരെ കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ നോട്ടീസ് പതിപ്പിച്ചു കൊണ്ട് പോലീസിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിക്കുവാനാണ് തീരുമാനമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. ഭരണ സ്വാധീനം ഉപയോഗിച്ച് ഇത്തരം പ്രവർത്തികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും തുടർ സമരങ്ങളുമായി കെ എസ് യു മുന്നോട്ട് പോകുമെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
അതേസമയം, വിദ്യയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. അഗളി പൊലീസാണ് പരിശോധന നടത്തിയത്. പൂട്ടിയിട്ട നിലയിലായിരുന്ന വീട് ബന്ധുവാണ് തുറന്നുകൊടുത്തത്. തെളിവുകൾ തേടിയാണ് എത്തിയത് എന്നും വിദ്യ ഒളിവിൽ ആണെന്നും പോലീസ് പറഞ്ഞു. കോടതി അനുമതിയോടെയാണ് വീട്ടിൽ പരിശോധനയ്ക്കെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിദ്യയുടെ അയൽവാസികളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടി.
വിദ്യ എവിടെയെന്ന് സൂചനയില്ലെന്നും വ്യാജസർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്നും അഗളി പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തു നാലുദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ആയിട്ടില്ല. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ വ്യാജരേഖ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ അറിയാനാകൂ