പുന്നയൂർക്കുളം: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല അവാർഡ് നേടിയ ഹുമൈദ് റിഷാൻ ഷാനെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ക്ലബ്ബിന്റെ മൊമെന്റോയും ഉപഹാരം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദാലാംകുന്ന് മുഹമ്മദുണ്ണി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ എന്നിവർ ചേർന്ന് ഹുമൈദിന് കൈമാറി. ക്ലബ്ബ് പ്രതിനിധികളായ ഉസ്മാൻ ആനോഡിയിൽ, റൗഫ് മാലിക്കുളം, സജി തങ്ങൾപടി, റാഷിദ്, ഷിബിലി, മുഹമ്മദ് സുഹൈൽ, അസ്‌ലം തുടങ്ങിയവർ സംബന്ധിച്ചു.
അണ്ടത്തോട് പാപ്പാളി ബീച്ച് റോഡ് പടിഞ്ഞാറയിൽ ഷാഹു-മൈമുന ദമ്പതികളുടെ മകനായ ഹുമൈദ് കഴിഞ്ഞ വര്‍ഷം പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകനായിരുന്നു.
മന്ദലാംകുന്ന് ഫിഷറീസ് യു.പി. സ്കൂളിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള പുരസ്കാരവും ഈ ആറാം ക്ലാസുകാരനെ തേടിയെത്തിയിരുന്നു.
ഹുമൈദിന്റെ കൃഷി ഇപ്പോള്‍ പത്ത് സെന്റ് പുരയിടത്തിലും വീടിന്റെ ടെറസിലുമായി വ്യാപിച്ചിക്കുകയാണ്. കാബേജ്, കോളി ഫ്ലവര്‍, കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, പടവലം, ഷമാം, തണ്ണിമത്തൻ, ചീര, പൊട്ടുവെള്ളരി അങ്ങനെ പോകുന്നു വിളകൾ. ഒപ്പം അമ്പതോളം കോഴി, താറാവ്, കാട എന്നിവയെയും വളർത്തുന്നുണ്ട്.