മാവോയിസ്റ്റ് വധം: വ്യാജ ഏറ്റുമുട്ടൽ ആരോപണം വയനാട് കളക്ടർ അന്വേഷിക്കും
വയനാട്: പോലീസ് വെടിവയ്പിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം വയനാട് ജില്ലാ കളക്ടർ അന്വേഷിക്കും. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായി.
അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഇറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ ബന്ധുക്കൾ ജുഡീഷൽ അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയിൽ ഹർജി നൽകിയിരുന്നു. മനുഷ്യാവകാശ പ്രവർത്തകർ വഴി വേൽമുരുകന്റെ സഹോദരൻ മുരുകനാണ് കൽപ്പറ്റ ജില്ലാ കോടതിയിൽ ഹർജി നൽകിയത്.
മീൻമുട്ടിക്കു സമീപം നടന്ന പോലീസ് വെടിവയ്പിലാണ് മാവോവാദി വേൽമുരുകൻ കൊല്ലപ്പെട്ടത്. വെടിവയ്പ് വ്യാജ ഏറ്റുമുട്ടലാണെന്നാണ് കുടുംബത്തിന്റെ ആരോപണം.