Header 1 = sarovaram
Above Pot

ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു.

ഗുരുവായൂർ : പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി അറുപതിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

വേലായുധൻ പണിക്കശ്ശേരിയുടെ 12 പുസ്തകങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ പാഠപുസ്തകങ്ങളാണ്. 1934 മാര്‍ച്ച് 30-നാണ് വേലായുധന്‍ പണിക്കശ്ശേരി ജനിച്ചത്. മലബാര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര്‍ ബ്രാഞ്ച് ലൈബ്രറിയില്‍ 1956-ല്‍ ലൈബ്രേറിയനായി ജോലിയില്‍ പ്രവേശിച്ച വേലായുധന്‍ പണിക്കശ്ശേരി 1991-ല്‍ വിരമിച്ചു.

Astrologer

ഗവേഷണ വിദ്യാര്‍ഥികളുടെ എന്‍സൈക്ലോപീഡിയ എന്നാണ് വേലായുധൻ പണിക്കശ്ശേരി അറിയപ്പെട്ടിരുന്നത്. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ദീനദയാല്‍ ട്രസ്റ്റ് ചെയര്‍മാനും സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജരുമാണ്.

ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം, ബാലസാഹിത്യം, ഫോക്‌ലോർ, ആരോഗ്യം എന്നീ വിഭാഗങ്ങളിലായി അറുപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പും സമഗ്രസംഭാവനയ്ക്ക് കേരളസാഹിത്യ അക്കാദമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. വി.എസ്. കേരളീയൻ അവാർഡും പി.എ. സെയ്ദ് മുഹമ്മദ് സ്മാരക അവാർഡ്, എൻ.കെ. ഫൗണ്ടേഷൻ അവാർഡ്, ചരിത്രപഠന കേന്ദ്രം അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾക്ക് അർഹനായി.

ചരിത്രപരമായ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പോർച്ചുഗീസ്-ഡച്ച് ആധിപത്യം കേരളത്തിൽ, സഞ്ചാരികൾ കണ്ട കേരളം, ചരിത്രത്തിന്റെ പ്രഭാതകിരണങ്ങൾ, കേരളചരിത്രപഠനങ്ങൾ, അൽ ഇദ്‌രീസിയുടെ ഇന്ത്യ, മാർക്കോപോളോ ഇന്ത്യയിൽ, ഇബ്‌നുബത്തൂത്ത കണ്ട ഇന്ത്യ, കേരളം അറുനൂറുകൊല്ലം മുമ്പ്, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ, കേരളം പെരുമാക്കന്മാരുടെ കാലത്ത്, കേരളോല്പത്തി കേരള ചരിത്രം, സഞ്ചാരികളും ചരിത്രകാരന്മാരും ( 3 ഭാഗങ്ങൾ), അന്വേഷണം ആസ്വാദനം വിക്രമോർവ്വശീയം (വ്യാഖ്യാനം), കാരൂർ മുതൽ കോവിലൻ വരെ, ഡോക്ടർ പല്പു, അയ്യങ്കാളി മുതൽ വി.ടി വരെ, വൈദ്യരുടെ കഥ, ആയിരം കടങ്കഥകൾ, പതിനായിരം പഴഞ്ചൊല്ലുകൾ, കുട്ടികളുടെ പര്യായനിഘണ്ടു, കുട്ടികളുടെ ശൈലീനിഘണ്ടു, അവലംബം, സ്നേഹാദരം തുടങ്ങിയവയാണ് പുസ്തകങ്ങൾ.

ചേറ്റുവയുടെ ചരിത്രത്തെക്കുറിച്ച് ചരിത്രമുറങ്ങുന്ന ചേറ്റുവായും ചേറ്റുവ പരീക്കുട്ടിയും എന്ന പുസ്തകമാണ് അവസാനമായി എഴുതിയത്. ഭാര്യ ലീല ടീച്ചർ (റിട്ട: അധ്യാപിക ഏങ്ങണ്ടിയൂർ സെന്റ് തോമസ് സ്കൂൾ). മക്കൾ: ഡോ. ഷാജി, ചിന്ത രാജാറാം, വീണ.”

Vadasheri Footer