
ശ്രീഗുരുവായൂരപ്പന് വഴിപാടായി പുത്തൻ ഇലക്ട്രിക് മിനി ട്രക്ക്

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി പുത്തൻ ഇലക്ട്രിക് മിനിട്രക്ക്. അഡയാർ ആനന്ദഭവൻ സ്വീറ്റ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ ശ്രീനിവാസ രാജയാണ് അശോക് ലെയ്ലാൻഡിൻ്റെ പുത്തൻ ഇലക്ട്രിക് മിനി ട്രക്ക് ശ്രീ ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത്.

സ്വിച്ച് എന്ന ബ്രാൻഡ് പേരിലുള്ള വാഹനമാണിത്.
ഇന്നു ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു സമർപ്പണം. കിഴക്കേ നട ദീപസ്തംഭത്തിന് മുന്നിൽ നടന്ന വാഹനപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണ ചടങ്ങ്.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വാഹനത്തിൻ്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.എസ്.ബാലഗോപാൽ ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ കെ.എസ്.മായാദേവി, പ്രമോദ് കളരിക്കൽ, പി.ആർ.ഒ വിമൽ ജി നാഥ്, അസി.മാനേജർമാരായ കെ.ജി.സുരേഷ് കുമാർ, സുന്ദർരാജ്, എച്ച് എസ് എം.എൻ രാജീവ് ,വെഹിക്കിൾ സൂപ്പർവൈസർ സതീശൻ എന്നിവർ സന്നിഹിതരായി.

ബഡാ ദോസ്ത് എന്ന വിശേഷണത്തോടെയുള്ള ഈ ഇലക്ട്രിക് മിനി ട്രക്കിന് 2500 ലിറ്റർ സംഭരണ ശേഷിയുണ്ട്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ സഞ്ചരിക്കാനാകും.16 ലക്ഷത്തോളം രൂപയാണ് വിപണി വില.
