
വായോധികയെ പോലിസ് മർദിച്ചതായി ആരോപണം

ഗുരുവായൂർ: താമരയൂർ സ്വദേശിനി 65 വയസ്സുള്ള ജമീല( 65)യെ പോലീസ് വീട്ടിൽ കയറി മർദ്ദിച്ചതായി ആരോപണം . ജമീലയുടെ മകനും ക്രിമിനൽ കേസ് പ്രതിയു മായ റീസാലിനെ അന്വേഷിച്ചെത്തിയ പോലീസ് സംഘമാണ് വയോധികയെ മർദ്ദിച്ചതെന്നാണ് ആരോപണം. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം ആളൂരിൽ റീസാൽ ഓടിച്ചിരുന്ന വാഹനം തല കീഴായ് മറിഞ്ഞിരുന്നു. രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരുമായി റീസാലും സുഹൃത്തുക്കളും തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. തർക്കത്തിനിടെ നാട്ടുകാരിൽ ഒരാളുടെ തല അടിച്ചുപൊളിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു.
ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് സംഘം ജമീലയുടെ വീട്ടിലെത്തിയത്. വീടിനുള്ളിൽ കടന്ന പോലീസ് അലമാര തുറന്ന് പരിശോധിക്കാൻ ഒരുങ്ങിയപ്പോൾ ജമീല അത് തടയാൻ ശ്രമിച്ചു. ഇതിനിടെ പോലീസ് തന്നെ കഴുത്തിന് പിടിച്ചു തള്ളുകയായിരുന്നുവെന്നാണ് ജമീലയുടെ പരാതി.
പരിക്കേറ്റ ജമീല ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ചാവക്കാട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ജമീലയുടെ ബന്ധുക്കൾ അറിയിച്ചു.
അതെ സമയം ആരോപണം വ്യാജമാണെന്നും, പ്രതിയെ അന്വേഷിച്ചു ഇതിന് മുൻപ് ഇവിടെ ചെന്നിരുന്നു വെന്നും, ഇനിയും പ്രതിയെ അന്വേഷിച്ചു ചെല്ലാതിരിക്കാനുള്ള ഗൂഡ തന്ത്രമാണ് മർദന ആരോപണം എന്ന് പോലീസ് പറഞ്ഞു

