Header 1

വർക്കല ബീച്ചിൽ സദാചാര പോലീസ് ചമഞ്ഞു യുവാവിനെ തട്ടി കൊണ്ടുപോയി കൊള്ളയടിച്ചു

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെത്തിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയടക്കം നാല് പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് സംഭവം.

Above Pot

വെള്ളിയാഴ്ച വൈകിട്ട് വര്‍ക്കല ബീച്ചിലെത്തിയ യുവാവിനെ ഒരു സംഘം ബലമായി പിടിച്ച് കാറില്‍ കയറ്റി വിജനമായ ഒരിടത്ത് കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ കൊട്ടാരക്കരയില്‍ എത്തിച്ച യുവാവില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ശേഷം റോഡില്‍ ഉപേക്ഷിച്ചു. മര്‍ദ്ദനമേറ്റ് അവശനിലയിലായ യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

വര്‍ക്കല സിഐ ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു. പിന്നീട് സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പേരേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികളെന്ന് പൊലീസ് അറിയിച്ചു.

യുവാവിനെ മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്ത പ്രതികള്‍ യുവാവ് മോഷണത്തിന് വന്നപ്പോള്‍ നാട്ടുകാര്‍ പിടികൂടിയ ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇയാള്‍ കുറ്റം സമ്മതിക്കുന്ന രീതിയില്‍ വീഡിയോയും ചിത്രീകരിച്ചിരുന്നു. .