മന്നലാം കുന്നത്ത് വാനിടിച്ച് റോഡരുകിലെ മത്സ്യ വ്യാപാരി മരിച്ചു
ചാവക്കാട് : പൊന്നാനി ദേശീയ പാതയിൽ പുന്നയൂർ മന്നലാംകുന്നത്ത് പിക്കപ്പ് വാനിടിച്ച് മത്സ്യ വ്യാപാരി മരിച്ചു . മന്നലാംകുന്ന് വെളിയില്‍ മൊയ്ദു മകന്‍ ഖാലിദ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം. ദേശീയ പാത 66ല്‍ മന്നലാംകുന്ന് പള്ളിക്ക് മുന്നില്‍ പാലം റോഡരികില്‍ മത്സ്യ വ്യാപാരം നടത്തുകയായിരുന്നു ഖാലിദ്. പൊന്നാനി ഭാഗത്ത് നിന്ന് വരികയായിരുന്ന എം എസ് ബി -പി ജി ഐഐസ് ഫിഷ് മര്‍ച്ചന്റ് മഹീന്ദ്ര പിക്കപ്പാണ് ഇടിച്ചത്.
അകലാട് ഭാഗത്ത് നിന്ന് വരികയായിരുന്ന സ്‌കൂട്ടര്‍ പാലം റോഡിലേക്ക് പെട്ടന്ന് തിരിച്ചത് ശ്രദ്ധയില്‍ പെട്ട പിക്കപ്പ് ഡ്രൈവര്‍ പെട്ടന്ന് വെട്ടിച്ചതാണ് നിയന്ത്രണം വിട്ട് ഇടിക്കാന്‍ ഉണ്ടായ കാരണം. ഡ്രൈവര്‍ സ്ഥലത്തുനിന്നും ഓടി രക്ഷപെട്ടു. അണ്ടത്തോട് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഖാലിദിനെ നില ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്ക്
കൊണ്ടുപോന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതെ സമയം ഏറ്റവും തിരക്കുപിടിച്ചതും അപകടം ഉണ്ടാക്കുന്നതുമായ മന്നലാംകുന്ന് പള്ളിക്ക് മുന്‍പിലെ മത്സ്യക്കച്ചവടം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വടക്കേക്കാട് പോലീസിനും മറ്റ് അധികൃതര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ യാതൊരു നടപടിയും എടുക്കുവാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നെങ്കില്‍ ഇന്ന് ഉണ്ടായ അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് സമാനമായ രീതിയില്‍ ഇവിടെ അപകടം ഉണ്ടാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രദേശത്തെ മത്സ്യ കച്ചവടം പോലീസ് ഇടപെട്ട് നിര്‍ത്തിയിരുന്നു. വീണ്ടും ഇത് ആരംഭിച്ചതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. എന്നാല്‍ അധികൃതര്‍ മുഖവിലക്കെടുത്തില്ല എന്ന് പൊതു പ്രവര്‍ത്തകർ ആരോപിച്ചു