ഗുരുവായൂരിലെ വാഹനങ്ങളുടെ മരണക്കെണി ഒടുവിൽ പോലീസ് തന്നെ ശരിയാക്കി
ഗുരുവായൂര്‍ : ക്ഷേത്രനടയിൽ എത്തുന്ന വാഹനങ്ങൾക്ക് മരണകെണി ആയിരുന്ന പാതാള കുഴി ഒടുവിൽ പോലീസ് തന്നെ മണ്ണിട്ട് ശരിയാക്കി . കിഴക്കേ നടയിൽ അമ്പാടി പാര്‍ക്കിംഗ് ഗ്രൗണ്ടിന് മുന്നില്‍ ഗതാഗതതടസം സൃഷ്ടിച്ചിരുന്ന പാതാളകുഴിയാണ് പോലീസ് നികത്തിയത്. അഴുക്ക്ചാല്‍ പദ്ധതിയുടെ സൈഡ് ചേമ്പറിന് വേണ്ടിയെടുത്ത കുഴിയാണ് വാഹനങ്ങൾക്കും യാത്രക്കാര്‍ക്ക് കെണിയായി മാറിയത്. കഴിഞ്ഞ ദിവസം ഇതില്‍ വീണ കാറ് കൗണ്‍സിലര്‍ കെ.പി.ഉദയന്റെ നേതൃത്വത്തില്‍ പൊക്കിമാറ്റിയിരുന്നു. ചേംമ്പറിന് മുകളില്‍ സ്ലാബിടാത്തത് വാഹനങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണ്.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചേംമ്പറിലേക്ക് പൈപ്പ് ഘടിപ്പിക്കാന്‍ റോഡ് വെട്ടിപൊളിച്ച് ചരല്‍മണ്ണ് അടിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴയെതുടര്‍ന്ന് മണ്ണ് ഒലിച്ച് പോയി ചളിയായി മാറിയത്. ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലേക്കെത്തിയ വിവാഹ സംഘത്തിന്റെ ബസ് ഇതില്‍ താഴ്ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജെ.സി.ബിയുടെ സഹായത്തോടെയാണ് ബസ് ഉയര്‍ത്തിയത്. ബസ്സിന്റെ പുറകിലെ ചക്രങ്ങള്‍ താഴ്ന്നതോടെ വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഇതോടെ ഈ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്ന് പോകാനാകാത്ത സ്ഥിതിയായി. ക്ഷേത്രത്തില്‍ തിരക്കുള്ള ദിവസമായതിനാല്‍ ഈ റോഡില്‍ വലിയ രീതിയിലുള്ള ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നാണ് ടെമ്പിള്‍ സ്റ്റേഷനിലെ എ.എസ്.ഐ പി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ പി.പി.പ്രശോഭ്, സി.യു.വിഷ്ണു എന്നിവര്‍ ചേര്‍ന്ന് കുഴി നികത്തിയത്. കാക്കിയിട്ട നിയമപാലകര്‍ നടുറോഡില്‍ തൂമ്പയെടുത്ത് ഇറങ്ങിയതോടെ നാട്ടുകാരും സഹായത്തിനെത്തി. പത്ത് മിനിട്ടിനകം റോഡ് നേരെയാകുകയും ഗതാഗതതടസം നീങ്ങുകയും ചെയ്തു