കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമം, സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു
ചാവക്കാട് : കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമത്തിന് ചാവക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ സിപിഎം പ്രവർത്തകരായിരുന്ന പ്രതികളെ കോടതി വെറുതെ വിട്ടു. ബിനു ഷാനവാസ്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, കുമ്പള സിയാദ്, കാളീടകത്ത് നിഷാദ്, കേരന്റകത്ത് ഷമീർ, പാപ്പച്ചൻ വീട്ടിൽ ഭാഗ്യനാഥൻ, വലിയകത്ത് ശരീഫ്, എറിൽ ആന്റണി എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് രാജീവ് വെറുതെ വിട്ട് ഉത്തരവായി.
2013 ഫെബ്രുവരി 17 നായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടായത്. പുന്ന മുക്കട്ട റോഡ് ഉദ്ഘാടനത്തിനെത്തിയ കെ വി അബ്ദുൽ ഖാദർ എം എൽ എ യെ കോൺഗ്രസ്സ് പ്രവർത്തർ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. എം എൽ എ യെ കയ്യേറ്റം ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാ വശ്യപ്പെട്ട് സി പി എം പ്രവർത്തകർ ചാവക്കാട് പോലീസ് സ്റ്റേഷന് മുന്നിലും എം എൽ എ സ്റ്റേഷനകത്തും കുത്തിയിരിപ്പ് സമരം നടത്തി.
ഈ സമയം ചാവക്കാട് റഹ്മാനിയ ഹോട്ടലിൽ യോഗം ചേരുകയായിരുന്ന കോണ്ഗ്രസ് നേതാവ് യതീന്ദ്രദാസിനെയും പ്രവർത്തകരെയും ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിക്കുകയും ഹോട്ടൽ തല്ലി തകർക്കുകയും ചെയ്തു. കത്തികൊണ്ട് കുത്തുകയും, മരവടി, കസേര എന്നിവ കൊണ്ട് അക്രമിക്കുകയും ചെയ്തതായാണ് കേസ്.
പ്രതികൾക്ക് വേണ്ടി അഡ്വ. കെ ഡി ബാബു, അഡ്വ. ശരത് ബാബു എന്നിവർ ഹാജരായി.