യൂണിവേഴ്സിറ്റി കോളേജിലെ വധ ശ്രമം , മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍ . എസ്‌എഫ്‌ഐ യൂണിറ്റ് അംഗങ്ങളായ അദൈ്വത്, ആരോമല്‍, ആദില്‍ എന്നിവരാണ് പിടിയിലായത്. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസിലുള്ള അഞ്ചു പ്രതികള്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്.
പിടിയിലായവരടക്കം എട്ട് പ്രതികള്‍ക്കെതിരെയാണ് നേരത്തെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നത്. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നേമം സ്വദേശി ഇജാബിനെയാണ് കന്റോണ്‍മെന്റെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍ ഒരാളാണ് ഇജാബ്.
ശനിയാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ആദ്യമായി അറസ്റ്റിലാകുന്നയാളാണ് ഇജാബ്. ഇയാള്‍ എസ്‌എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.സംഘര്‍ഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇജാബ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായി ഉയരുകയാണ്. പ്രതികള്‍ എവിടെയെന്ന് പൊലീസിന് അറിയാമെന്നും അവരെ സംരക്ഷിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ തന്നെ ആരോപിക്കുന്നുണ്ട്. ഒളിവിലുളള പ്രതികള്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോളേജിന് അവധി നല്‍കി. കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖിലിന്റെ മൊഴി ഇന്ന് പോലീസ് എടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള അഖില്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസത്തേക്ക് അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും.