
ഉത്സവ പകർച്ച, പരിമിതപ്പെടുത്താമെന്ന് ഗുരുവായൂർ ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ പകർച്ച ക്ക് വൻ സാമ്പത്തിക ചിലവ് വരുന്നുണ്ടെന്നും , അതിനാൽ പകർച്ച പരിമിതി പ്പെടുത്താമെന്നും ഗുരുവായൂർ ദേവസ്വം ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ഗുരുവായൂർ ദേവസ്വത്തിലെ ഉത്സവകാല പകർച്ച വിതരണവുമായി ബന്ധപ്പെട്ട് താമരയൂർ സ്വദേശി ബിജേഷ് കുമാർ നൽകിയ പരാതിയിലാണ് നിർണായക വെളിപ്പെടുത്തൽ ഗുരുവായൂർ ദേവസ്വം കേരള ഹൈക്കോടതിയിൽ നടത്തിയത് . പകർച്ച വിതരണം ദേവസ്വം ഫണ്ടിൽനിന്ന് വലിയ തുക ചെലവാകുന്നതിനും അനാവശ്യ സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുന്നുവെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

താമരയൂർ സ്വദേശി ബിജേഷ് കുമാർ നൽകിയ പരാതിയിൽ ഹൈക്കോടതി സ്വമേധയ കേസ് എടുത്തത് DBP No.35/2026 ആയി പരിഗണിച്ച കേസിൽ 2026 നവംബർ 13-ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് നടപടി അവസാനിപ്പിച്ചത്.

ഉത്സവകാല പകർച്ച വിതരണം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളിലും ജീവനക്കാരിലും മാത്രം പരിമിതമായിരുന്ന സംവിധാനം പിന്നീട് നാട്ടുകാർ, സർക്കാർ ഓഫീസുകൾ, രാഷ്ട്രീയ പാർട്ടികൾ, വിവിധ സംഘടനകൾ തുടങ്ങിയവരിലേക്കും വ്യാപിപ്പിച്ചുവെന്നായിരുന്നു ബിജേഷ് കുമാറിന്റെ പരാതിയിലെ പ്രധാന ആരോപണം. അർഹരായവരെ തിരഞ്ഞെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ കാർഡുകൾ വിതരണം ചെയ്യുന്നതും ദേവസ്വം ഫണ്ടിൽനിന്ന് വലിയ തുക ചെലവാകുന്നതും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ പകർച്ച വിതരണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായത് . പാർട്ടി ഓഫീസുകൾ മുഖേനയാണ് ദേവസ്വ ത്തിന്റെ പകർച്ച കാർഡ് വിതരണം ചെയ്തിരുന്നത്
2026 ഒക്ടോബർ 30-ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഹരി ഗോപാൽ എസ്. സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സാമ്പത്തിക ബാധ്യത സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നത്. ഈ വർഷം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി 7,800 കാർഡുകളും സ്ഥിരം-താൽക്കാലിക ജീവനക്കാർ, പെൻഷൻകാർ, പാരമ്പര്യ ജീവനക്കാർ, ഉപക്ഷേത്രങ്ങളിലെ ജീവനക്കാർ എന്നിവർക്കായി 2,840 കാർഡുകളും ഉൾപ്പെടെ ആകെ 10,640 പകർച്ച കാർഡുകൾ വിതരണം ചെയ്തതായി സത്യവാങ്മൂലത്തിൽ പറയുന്നു.

കഴിഞ്ഞ 20–25 വർഷമായി ചില വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പകർച്ച വിതരണം ചെയ്തുവരുന്നുണ്ടെന്നും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബോർഡ് സമ്മതിക്കുന്നു. വർഷംതോറും പഴയ ഗുണഭോക്താക്കൾക്ക് കാർഡുകൾ തുടരുകയും പുതിയവരെ കൂട്ടിച്ചേർക്കുകയും ചെയ്തതോടെ കാർഡുകളുടെ എണ്ണവും ചെലവും വർധിച്ചു.
ദേവസ്വം ഫണ്ടിൽനിന്ന് വളരെ വലിയ തുക ചെലവാകുന്ന ഈ പകർച്ച സമ്പ്രദായം അനാവശ്യ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണെന്നും അത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അഡ്മിനിസ്ട്രേറ്റർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭക്തർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിൽ പ്രസാദ ഊട്ട്/അന്നദാനം വിപുലീകരിക്കുന്നതാണ് ഉചിതമെന്നും ബോർഡ് കോടതിയെ അറിയിച്ചു.
കോടതിയിൽ ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിങ് കൗൺസൽ ടി.കെ. വിപിൻദാസ് പകർച്ച സമ്പ്രദായം ഇപ്പോൾ നിർത്തലാക്കിയതായി അറിയിച്ചു. ഈ നിലപാടും സത്യവാങ്മൂലത്തിലെ പ്രസ്താവനകളും രേഖപ്പെടുത്തിയ ഹൈക്കോടതി DBP നടപടികൾ അവസാനിപ്പിച്ചു. കോടതിയിൽ പരാതിക്കാരന് വേണ്ടി അഡ്വ: സുമോദ് മാധവൻ നായർ ഹാജരായി.
ദേവസ്വം ഫണ്ട് ഭക്തരുടെ സമർപ്പണങ്ങളിലൂടെ ലഭിക്കുന്നതാണ്. അതിന്റെ വിനിയോഗത്തിൽ സാമ്പത്തിക ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കേണ്ടത് ദേവസ്വം ഭരണസമിതിയുടെ കടമയാണ്. വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ വർഷങ്ങളോളം തുടർന്ന ഒരു വിതരണരീതി ദേവസ്വത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന ബോർഡിന്റെ തന്നെ സത്യവാങ്മൂലം ഈ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
