
ഗുരുവായൂർ കേശവൻ അനുസ്മരണം നാളെ നടക്കും.

ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം നാളെ നടക്കും. ഗജരാജൻ ഗുരുവായൂർ കേശവൻ ശ്രീഗുരുവായൂരപ്പ തൃപ്പാദങ്ങളിൽ വിലയം പ്രാപിച്ചത് 1976 ഡിസംബർ മാസം 2-ാം തിയതിയിലെ ഗുരുവായൂർ ഏകാദശി ദിവസമായിരുന്നു.

ഗജരാജൻ കേശവനെ അനുസ്മരിച്ച് ദശമി ദിവസമായ നവംബർ 20 രാവിലെ 7 മണിക്ക് ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെ ഗജവീരൻമാർ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ഘോഷയാത്രയായി തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട്. ശ്രീവത്സം അതിഥി മന്ദിരത്തിന് മൂന്നിലെത്തി ഗജരാജൻ ഗുരുവായൂർ കേശവൻറ പ്രതിമയിൽ സ്മരണാഞ്ജലി അർപ്പിക്കും.

ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനാവലിയും കേശവന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ഗജഘോഷയാത്രയിൽ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെ ഇന്ദ്രസെൻ, ബൽറാം, ചെന്താമരാക്ഷൻ, കൃഷ്ണ, നവനീത് കൃഷ്ണൻ, രവികൃഷ്ണൻ, വലിയ വിഷ്ണു, പിതാംബരൻ, ശ്രീധരൻ, രശ്മി, ദേവി, ലക്ഷ്മി കൃഷ്ണ എന്നീ ആനകൾ പങ്കെടുക്കും. കൊമ്പൻ ബൽറാം ഗുരുവായൂരപ്പൻ്റെ ഛായാചിത്രവും, ഇന്ദ്രസെൻ കേശവൻ്റെ ഛായാചിത്രവും, ചെന്താമരാക്ഷൻ മഹാലക്ഷ്മിയുടെ ഛായാചിത്രവും വഹിക്കും. തുടർന്ന് ആനയൂട്ട് പുന്നത്തൂർ കോട്ടയിൽ നടക്കും
