പുതിയ അപ്പോളോ ടയറുകൾക്ക് തകരാർ, നഷ്ടവും ചിലവും നൽകുവാൻ വിധി
തൃശൂർ :പുതിയ അപ്പോളോ ടയറുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.മണ്ണുത്തി കോടഞ്ചേരി വീട്ടിൽ അക്ബർ.കെ.എ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ടി.ബി.റോഡിലെ ഭാരത് ടയേർസ് ഉടമക്കെതിരെയും കൊച്ചിയിലെ അപ്പോളോ ടയേർസ് ലിമിറ്റഡിനെതിരെയും ഇപ്രകാരം വിധിയായതു്.അക്ബർ ഭാരത് ടയേർസ് എന്ന കടയിൽനിന്ന് അപ്പോളോ ടയേർസ് ഉല്പാദിപ്പിക്കുന്ന ടയറുകളാണ് വാങ്ങിയത്. ടയറുകളിലൊന്നിന് അററം തള്ളുന്ന തകരാർ കാണുകയുണ്ടായി .പരാതിപ്പെട്ടപ്പോൾ ടയർ മാറ്റി നൽകുവാനാവില്ല എന്ന് അറിയിച്ചതിനെത്തുടർന്ന് അന്നേ ദിവസം മറ്റൊരു ടയർ കൂടി വാങ്ങിയിരുന്നു .
പ്രസ്തുത ടയറിനും തകരാർ സംഭവിച്ചിട്ടുള്ളതാകുന്നു. നോട്ടീസ് അയച്ചിട്ടും നിവൃത്തി ഉണ്ടാകാതിരുന്നതിനെത്തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിദഗ്ദ പരിശോധനക്ക് ടയറുകൾ അയച്ചില്ലെങ്കിലും ഇതര തെളിവുകളുടെ പശ്ചാത്തലത്തിൽ ഹർജിക്കാരന് അനുകൂലമായി വിധിക്കുകയായിരുന്നു.പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികൾക്കെതിരെ 5000 രൂപ വീതം മൊത്തം 10000 രൂപ നഷ്ടപരിഹാരമായി നൽകുവാൻ കൽപ്പിച്ചും ചിലവിലേക്ക് 2500 രൂപ നൽകുവാൻ കൽപ്പിച്ചും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി .