Madhavam header
Above Pot

സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവയാണ് നാളെ മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്. അതേസമയം, നവംബർ ഒന്നുമുതൽ മാത്രമേ ബീച്ചുകൾ തുറക്കുകയുള്ളൂവെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നൽകുന്നതിനാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഹിൽ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു.

Astrologer

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് വരുന്നവർക്ക് 7 ദിവസം വരെ ക്വാറന്റീൻ നിർബന്ധമല്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതേ മാതൃകയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദർശനത്തിന് ക്വാറന്റീൻ നിർബന്ധമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന സഞ്ചാരികൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കിൽ സ്വന്തം ചെലവിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. 7 ദിവസത്തിൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുകയോ, കേരളത്തിൽ എത്തിയാൽ ഉടൻ കോവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അല്ലെങ്കിൽ സഞ്ചാരികൾ 7 ദിവസം ക്വാറന്റീനിൽ പോകേണ്ടിവരും.

കോവിഡ് രോഗലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ടൂറിസ്റ്റുകൾ യാത്ര ചെയ്യാൻ പാടില്ലെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. മാസ്ക് നിർബന്ധമായും ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും രണ്ട് മീറ്റർ സാമൂഹിക അകലം മറ്റുള്ളവരിൽ നിന്നും പാലിക്കുകയും വേണം. വിനോദസഞ്ചാരികൾക്ക് സന്ദർശന വേളയിൽ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ദിശയിൽ ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകരുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ ഐസോലേഷനിൽ പോകേണ്ടതുമാണ്.

സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകൾ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഉണ്ടാകണം. നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസർ സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർമാർക്കും, ഡിടിപിസി സെക്രട്ടറിമാർക്കുമായിരിക്കും. നിശ്ചിത ഇടവേളകളിൽ ടൂറിസം കേന്ദ്രങ്ങൾ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

ഹോട്ടൽ ബുക്കിങ്ങും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും ഓൺലൈൻ സംവിധാനത്തിലൂടെയാകണം. ആയുർവേദ ടൂറിസം കേന്ദ്രങ്ങളിലും ഈ നിർദേശങ്ങൾ പാലിക്കണം. ഹൗസ് ബോട്ടുകൾക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താനും പുതിയ ഉത്തരവിൽ അനുമതിയുണ്ട്.

കഴിഞ്ഞ ആറ് മാസമായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെടുത്തതെന്ന് ടൂറിസം മന്ത്രി പറഞ്ഞു.

കോവിഡ് ഭീഷണിക്കിടെയും രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ടൂറിസം മേഖല നേരത്തെ തുറന്നുകൊടുത്തിരുന്നു. എന്നാൽ അതീവ ജാഗ്രത പുലർത്തേണ്ട ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയിൽ ഘട്ടം ഘട്ടമായി ഇളവുകൾ നൽകുന്ന രീതിയാണ് കേരളത്തിൽ അവലംബിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക്-4 ഉത്തരവിൽ നിരോധിത കാറ്റഗറിയിൽ ടൂറിസം ഉൾപ്പെടുത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായി മുൻകരുതലുകൾ പാലിച്ച് ടൂറിസം കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നതിൽ അപാകതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ആശ്വാസം പകരുന്ന തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. താരതമ്യേന കോവിഡ് അതിജീവനത്തിലും പ്രതിരോധത്തിലും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലേക്ക് രാജ്യത്തിനകത്ത് നിന്നുള്ള വിനോദസഞ്ചാരികൾക്ക് ധൈര്യത്തോടെ വരുന്നതിനും വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും വൈമുഖ്യമുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Vadasheri Footer