ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാര കരാറുകാരൻ ഭക്തരെ കൊള്ളയടിക്കുന്നു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാര കരാറുകാരൻ ഭക്തരെ കൊള്ളയടിക്കു ന്നു. ഭക്തരെ കൊള്ളയടിക്കാൻ തുലാഭാരം കരാറുകാരന് എല്ലാവിധ ഒത്താശകളും ദേവസ്വം അധികൃതർ ചെയ്തു കൊടുക്കുന്നു . കൊള്ളമുതലിന്റെ വിഹിതം ദേവസ്വം അധികൃതരുടെ പോക്കറ്റിലേക്കും എത്തുന്നത് കൊണ്ടാണ് കൊള്ളയടിക്കൽ അനുസ്യൂതം തുടരുന്നതെന്നാണ് ഭക്തരുടെ ആക്ഷേപം .തുലാഭാരം വഴിപാട് നടത്തുന്ന ആൾ തൂക്കത്തിന് അനുസരിച്ച് അതിന് ദേവസ്വം നിശ്ചയിച്ചിട്ടുള്ള നിരക്കിൽ,പണം അടക്കണം. ഇതിനു പുറമെ ഓരോ തുലാഭാരത്തിനും തട്ടിൽ പണം എന്ന പേരിൽ നൂറു രൂപ അടക്കമാണ് ദേവസ്വത്തിൽ നിന്ന് രശീതി നൽകുന്നത് .
തുലാഭാരത്തിന്റെ രശീതിയിൽ തട്ടിൽ പണത്തിന്റെ നൂറു രൂപ കൂടി ചേർത്താണ് നൽകുന്നത് എന്നറിയാത്ത ഭക്തർ തുലാഭാരത്തട്ടിൽ പണം സമർപ്പിക്കുകയാണ്.ആ തട്ടിലുള്ള 100-ൻറേയും 500- ൻറേയും നോട്ടുകൾ കാണുന്ന ഭക്തരിൽ പലരും ഇങ്ങനെ തട്ടിൽ പണം വെക്കാൻ നിർബ്ബന്ധിതരാവുകയാണ്.കരാറുകാരന്റെ സില്ബന്ധികൾ ഭക്തർ തട്ടിൽ വെക്കുന്ന പണം ഭക്തരിൽ നിന്നും ചുളുവിൽ തട്ടിയെടുക്കുകയാണ് . കരാറുകാരന് ഒരു തവണ തട്ടിൽ പണം കൊടുത്ത ശേഷം തുലാഭാരത്തിന്റെ പണം അടക്കുന്ന സമയത്താണ് തട്ടിൽ പണം ദേവസ്വത്തിന് വേറെ അടക്കണമെന്ന് ഭക്തർ അറിയുന്നത് . ക്ഷേത്രത്തിനകത്ത് ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കാത്ത ഭക്തർ കൊള്ള സംഘത്തിന് തലവെച്ച് കൊടുത്തതിൽ സങ്കടപ്പെട്ട് മടങ്ങുകയാണ് ചെയ്യുന്നത് . നേരത്തെ തട്ടിൽ പണം എടുത്ത് ഭണ്ഡാരത്തിൽ നിക്ഷേപിക്കാൻ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരുന്നു.
എന്നാൽ തുലാഭാര മാഫിയയുടെ സമ്മർദ്ദം കാരണം സെക്യൂരിറ്റി ജീവനക്കാരെ ദേവസ്വം തന്നെ ഒഴിവാക്കി, ഭക്തരെ കൊള്ളയടിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. ആയിര കണക്കിന് തുലാഭാരമാണ് ഓരോ ദിവസവും നടക്കുന്നത് . പതിനായിരങ്ങൾ ആണ് തട്ടിൽ പണമായി ഭക്തരെ കൊള്ളയടിച്ച് തുലാഭാര മാഫിയ ദിനം പ്രതി ഇവിടെ നിന്നും കൊണ്ട് പോകുന്നത് . നൂറു മുതൽ അഞ്ഞൂറ് വരെയുള്ള സംഖ്യകൾ ആണ് ഭക്തർ തുലാഭാര തട്ടിൽ വെക്കുന്നത് നൂറിൽ കുറഞ്ഞ സംഖ്യ തട്ടിൽ വെച്ചാൽ മാഫിയയുടെ വായിൽ നിന്ന് വരുന്നത് ഭക്തർ കേൾക്കണം . കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നിന്നും വന്ന വയോധികൻ തട്ടിൽ പണമായി 20 രൂപയാണ് വെച്ചത് . ഇത് ഭക്തന് തന്നെ തിരിച്ചു നൽകി, തിരക്കുള്ള സമയത്ത് ആളുകളെ മിനക്കെടുത്താൻ എന്ന് പറഞ്ഞു അദ്ദേഹത്തെ അപമാനിച്ചു വിട്ടു . കരാറുകാരന്റെ സംഘത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ സുനിൽ എന്ന ആളാണ് വയോധികനെ അപമാനിച്ചത്.