ഗുരുവായൂർ തിരുവെങ്കിടം റയിൽവെ അടിപാതക്കായി മനുഷ്യ ചങ്ങലയുമായി നാട്ടുകാർ

">

ഗുരുവായൂര്‍: തിരുവെങ്കിടം റയിൽവെ അടി പാതക്കായി നാട് ഒന്നടങ്കം പ്രത്യക്ഷ സമരത്തിലേക്കെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂര്‍ നഗരസഭയിലെ നാലുവാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഗുരുവായൂര്‍-തിരുവെങ്കിടം അടിപ്പാതയുടെ നിര്‍മ്മാണത്തില്‍ അധികാരികളുടെ നിസ്സംഗതയിലും, മെല്ലെപോക്ക് നയത്തിലും പ്രതിഷേധിച്ച് ഗുരുവായൂര്‍ നഗരസഭയിലെ 26, 27, 28, 29 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഇരിങ്ങപ്പുറം, തിരുവെങ്കിടം, ഗുരുവായൂര്‍ പ്രദേശങ്ങളിലെ ജനങ്ങളെ പരമാവധി ഉള്‍പ്പെടുത്തി ഞായറാഴ്ച്ച പ്രതിഷേധ മനുഷ്യചങ്ങല തീര്‍ത്ത് പ്രതിഷേധിയ്ക്കുന്നത് .

ഞായറാഴ്ച്ച വൈകീട്ട് 4-മണിയോടെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിചേരുന്ന ജനങ്ങള്‍ തിരുവെങ്കിടത്തെ നിര്‍ദ്ദിഷ്ട അടിപ്പാതയ്ക്കു സമീപത്തുനിന്നുതുടങ്ങി തിരുവെങ്കിടം ക്ഷേത്രത്തിന് മുന്‍വശത്തുകൂടി റെയില്‍വേ ഗേയ്റ്റുവഴി പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലൂടെ മല്ലിശ്ശേരി റോഡ് വന്നുചേരുന്ന സ്ഥലംവരെ മനുഷ്യചങ്ങല സൃഷ്ടിച്ച്, എല്ലാവരും കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും. റെയില്‍പാതയ്ക്കുവേണ്ടി അപ്രോച്ച്‌റോഡ് പണിതുതരാമെന്ന് നഗരസഭ കൗണ്‍സില്‍ ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നതാണ്. സെന്റേജ് ചാര്‍ജ്ജായ 8,12,000യ-രൂപ ഡെപ്പോസിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക് ഒരുവര്‍ഷം മുമ്പ് സതേണ്‍ റെയില്‍വേ കത്തയച്ചിട്ടും, നഗരസഭ ഒരു നടപടിയും കൈകൊണ്ടില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അടിപ്പാതയ്ക്കായി നഗരസഭ വാര്‍ഷിക ബജറ്റിന്റെ 2017-18 നടപ്പുവര്‍ഷത്തില്‍ 17-ലക്ഷം രൂപ വകകൊള്ളിച്ചിട്ടുള്ളതായും ഭാരവാഹികള്‍ പറഞ്ഞു.

മന്ത്രി ജി. സുധാകരന്‍ അടിപ്പാതയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. ഈ നാലുവാര്‍ഡുകളെ ഗുരുവായൂരുമായി ബന്ധിപ്പിയ്ക്കുവാന്‍ ഉദ്ദേശിയ്ക്കുന്ന അടിപ്പാതയുടെ നിര്‍മ്മാണത്തില്‍ ഗുരുവായൂര്‍ നഗരസഭയ്ക്ക് പൂര്‍ണ്ണ ഉത്തവാദിത്വമുണ്ടെന്ന് ജില്ലാകലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണെ ഓര്‍മ്മപ്പെടുത്തിയിട്ടും നഗരസഭയ്ക്ക് അനക്കമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെട്ട അധികാരികളില്‍നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആക്ഷന്‍കൗണ്‍സില്‍ ശക്തമായ പ്രക്ഷോഭ സമരങ്ങളിലേയ്ക്ക് നീങ്ങുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികളായ കെ.ടി. സഹദേവന്‍, പി.ഐ. ലാസര്‍മാസ്റ്റര്‍, രവികുമാര്‍ കാഞ്ഞുള്ളി, പി. മുരളീധരകൈമള്‍, ശശി വാറണാട്ട്, ബാലന്‍ തിരുവെങ്കിടം എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors