തിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍.
തിരുവനന്തപുരം ; തമ്പാനൂരിൽ ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. . നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പ് ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി അജീഷ് തർക്കമുണ്ടാക്കിയിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്. കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളിൽ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകലാണ് അരുംകൊല നടന്നത്. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെ (34) യാണ് രാവിലെ എട്ടരയോടെ ബൈക്കിലെത്തി അജീഷ് വെട്ടി കൊലപ്പെടുത്തിയത്. രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്. മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്.
എട്ടരയോടെ ബൈക്കിലെത്തിയ അജീഷ് ബൈക്ക് പാർക്ക് ചെയ്ത ശേഷം വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറി. റിസപ്ഷനിലുണ്ടായിരുന്ന അയ്യപ്പനെ തലുങ്ങും വിലങ്ങും വെട്ടി. റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് അയ്യപ്പനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാല് വർഷത്തോളമായി ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പൻ. കൊവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാൾ ഒൻപത് മാസം മുമ്പാണ് തിരിച്ചെത്തിയത്.