
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസം : വി ഡി സതീശൻ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല എന്നതാണ് സിപിഎമ്മിന്‍റെ സമീപനം. സിപിഎം യുഡിഎഫ് സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നുവെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിർദ്ദേശപത്രിക തള്ളാനും പിൻവലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ നടപടികളെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.


സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാർത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസർ എതിർക്കുന്നു. ബിജെപിയുടെ ഫാസിസത്തിൽ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാർട്ടിയായി മാറുകയാണെന്നും സതീശൻ ആരോപിച്ചു. നീതിപൂർവമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സിപിഎം തടയുന്നു. എന്ത് തോന്നിവാസവും കാണിക്കാം എന്നതാണ് ധാരണ. എന്തൊക്കെ കാണിച്ചാലും സിപിഎം തെരഞ്ഞെടുപ്പിൽ ജയിക്കില്ല. നാമ നിർദ്ദേശപത്രികകൾ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

യുഡിഎഫിനെ സംബന്ധിച്ച് ഇത്തവണ പ്രശ്നങ്ങളില്ല. സാധാരണ ഉണ്ടാകുന്നതിനേക്കാൾ വിമത ശല്യം കുറഞ്ഞ തെരഞ്ഞെടുപ്പാണിത്. യുഡിഎഫിൽ വിമതരുള്ള സ്ഥലങ്ങളിൽ നാളെയാകുമ്പോൾ അവരൊക്കെ പിന്മാറും. പലരും വൈകാരികമായിട്ടാണ് നോമിനേഷൻ കൊടുത്തതാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ സിപിഎമ്മിനെ വിമതശല്യമാണ്. പാലക്കാട് അട്ടപ്പാടിയിൽ നേതാക്കൾ പരസ്പരം കൊലപാതക ഭീഷണി ഉയർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
