
ശബരിമല തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂർ : മണ്ഡല മകരവിളക്ക് കാലത്ത് ഗുരുവായൂരിലെത്തുന്ന ഭക്തൻമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഗുരുവായൂർ നഗരസഭ ഒരുക്കിയിട്ടുണ്ട്. ഏകാദശിയുമായി ബന്ധപ്പെട്ട പോലീസ് സംവിധാനത്തെക്കുറിച്ചും ട്രാഫിക് സംവിധാനത്തെക്കുറിച്ചും, വാഹനങ്ങളുടെ വൺവേ സംവിധാനത്തെക്കുറിച്ചും ഓട്ടോ ഡ്രൈവർമാരുടെയും ബസ് ഓണേഴ്സിന്റെയും യോഗത്തിൽ എ സി പി സുരേന്ദ്രൻ മങ്ങാട്ട് വിശദീകരിച്ചു. നിലവിലുള്ള വൺവേ സമ്പ്രദായം തുടരുവാനും17-ാം തിയ്യതി മുതൽ ഏകാദശി കഴിയും വരെ ഒട്ടോറിക്ഷക്ക് പരീക്ഷണ അടിസ്ഥാനത്തിൽവൺവേ സമ്പ്രദായം എർപ്പെടുത്തുവാനും തീരുമാനിച്ചു

വാഹന പാർക്കിംഗ് പ്രശ്നം പരിഹരിക്കുന്ന തരത്തിൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരസഭ, ദേവസ്വം എന്നിവിടങ്ങളിലെ നിലവിലുള്ള പാർക്കിംഗിന് പുറമേ ഗോകുലത്തിൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പാർക്കിംഗ് സൗകര്യവും, നഗരസഭ ടൗൺഹാൾ പരിസരവും പാർക്കിംഗിനായി ഉപയോഗിക്കും. കിഴക്കെ നടയിലെ ടൂവീലർ പാർക്കിംഗ് നിയന്ത്രിക്കും. നഗരസഭ ഓഫീസിനോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള ഫസ്റ്റ് എയ്ഡ് ബൂത്ത് 24 മണിക്കൂറും പ്രവർത്തന നിരതമായിരിക്കും. അലോപ്പതി, ഹോമിയോപ്പതി, ആയുർവ്വേദം എന്നിങ്ങനെ വിവിധ ശാഖകളിലെ ചികിത്സ ഇവിടെ ലഭ്യമാക്കും. അതിനു വേണ്ടി ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. മെഡിക്കൽ ഷോപ്പുകൾ 24 മണിക്കൂറും മരുന്ന് ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
ഭക്തരുടെ അറിവിലേക്കായി വിവിധ സ്ഥലങ്ങളിൽ ദിശാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ സഹകരണത്തോടെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ടോയ്ലറ്റ് സംവിധാനം ക്യത്യമായ രീതിയിൽ പ്രവർത്തിക്കുന്നതാണ്. ആവശ്യമായ സ്ഥലങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. തട്ടുകടക്കാർക്ക് ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി ഹെൽത്ത് കാർഡ്, ഐ.ഡി കാർഡ് എന്നിവ ഉറപ്പവരുത്തിയിട്ടുണ്ട്. അനധിക്യത ലോഡ്ജ് നടത്തുന്നവർക്കെതിരെയും, അനധിക്യത പാർക്കിംഗ് നടത്തുന്നവർക്കെതിരെയും കർശനമായി ശിക്ഷാനടപടികൾ സ്വീകരിക്കും.
നിരോധിത ഉൽപ്പന്നങ്ങളായ പ്ലാസ്റ്റിക്ക് സഞ്ചികൾ, പേപ്പർ ഗ്ലാസ്സ്, പേപ്പർ പ്ലേറ്റ് എന്നിവ അനുവദിക്കില്ല. ടൂറിസ്റ്റ് വാഹനങ്ങളുടെ പാർക്കിംഗ് സംബന്ധിച്ച വിവരങ്ങൾ പരസ്യം ചെയ്യും. സീസൺ സമയത്ത് ഓട്ടോറിക്ഷകൾ അമിത ചാർജ്ജ് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കും. 24 മണിക്കൂറും പോലീസ് പെട്രോളിംഗ് നടത്തും. കിഴക്കെ നടയിലെ മഞ്ജുളാലിന് പടിഞ്ഞാറ് വശം ഫുഡ് ഐറ്റംസ് കച്ചവടം അനുവദിക്കില്ല. ചെയർ പേഴ്സൺ സുനിതാ അരവിന്ദൻ, വൈസ് ചെയർമാൻ കെ. കെ ജ്യോതി രാജ്,സ്ഥിരം സമിതി ചെയർമാൻമാരായ എ.റ്റി. ഹംസ, വി. അനൂപ്, രതി ജനാർദ്ധനൻ ,ഷാനി റെജി,ബിന്ദു അജിത് കുമാർ ,ക്ലിൻസിറ്റി മാനേജർ എൻ.എസ്.ഷൈൻ എന്നിവർ സംബന്ധിച്ചു.

