Madhavam header
Above Pot

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്ക് തുടരും , തൃശൂർ പൂരത്തിൽ എഴുന്നുള്ളിക്കില്ല

തൃശ്ശൂര്‍: ഗുരുവായൂർ കോട്ടപ്പടിയിൽ രണ്ട് പേര്‍ കൊല്ലപ്പെട്ട അപകടത്തിനെ തുടര്‍ന്ന് കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ തൃശ്ശൂരില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോ​ഗം തീരുമാനിച്ചു. ഇതോടെ വരുന്ന തൃശ്ശൂര്‍ പൂരത്തിന് തിടമ്ബേറ്റാന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഉണ്ടാവില്ലെന്നുറപ്പായി. രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആനപ്രേമികള്‍ രം​ഗത്ത് എത്തിയതോടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാം എന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ചേമ്പാല കുളങ്ങര ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ രാമചന്ദ്രന്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്ന് മുതല്‍ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്കുണ്ട്. ഒരോ പതിനഞ്ച് ദിവസം കൂടുമ്ബോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്.

Astrologer

എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്‍റെ നടത്തിപ്പ് സംബന്ധിച്ച ആലോചനായോഗം ഇന്ന് തൃശ്ശൂര്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നപ്പോള്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നേടിയെടുക്കാനായി ആനപ്രേമികളും ആന ഉടമകളുടെ സംഘടനയും സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു.

തൃശ്ശൂരില്‍ നിന്നുള്ള കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ വഴി നടത്തിയ നീക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് വനംമന്ത്രി കെ രാജുവുമായി ആനപ്രേമികളുടെ സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. രാമചന്ദ്രനുള്ള വിലക്ക് പൂരത്തിന് മുന്‍പ് നീക്കാമെന്ന് ഇരുമന്ത്രിമാരും ആനപ്രേമികള്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഇതോടെ ഇന്നത്തെ യോ​ഗത്തില്‍ ആനയുടെ വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിച്ചത്.

എന്നാല്‍ ഇന്ന് രാവിലെ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ തല നാട്ടാന നിരീക്ഷണസമിതിയുടെ യോഗത്തില്‍ രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കേണ്ട എന്ന തീരുമാനമാണ് ഉണ്ടായത്. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും തൃശ്ശൂര്‍ പൂരത്തിനുള്ള ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ അറിയിച്ചു.

ഇതോടെ യോഗത്തിനെത്തിയ എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ പ്രതിഷേധവുമായി എഴുന്നേറ്റു. സര്‍ക്കാര്‍ ഒരു പൂരം നടത്തിപ്പിനും എതിരല്ലെന്നും എന്നാല്‍ ആനകളുടെ മേല്‍നോട്ട ചുമതല നാട്ടാന നിരീക്ഷണസമിതിക്കാണ് എന്നതിനാല്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ വഴിയില്ലെന്നും യോ​ഗത്തില്‍ പങ്കെടുത്ത മന്ത്രി വിഎസ് സുനില്‍കുമാര്‍ യോ​ഗത്തെ അറിയിച്ചു. ഇതോടെ ആനപ്രേമികളുടെ പ്രതിഷേധം ശക്തമായി. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരി​ഹരിക്കാന്‍ ശ്രമിക്കുമെന്നും വിഎസ് സുനില്‍ കുമാര്‍ ആനപ്രേമികള്‍ക്ക് ഉറപ്പു നല്‍കി.

അന്‍പത് വയസ്സിലേറെ പ്രായമുള്ള ആനയ്ക്ക് പ്രായത്തിന്റെ അവശതകളുണ്ടെന്നും കേള്‍വി പ്രശ്നങ്ങളുണ്ടെന്നും നേരത്തെ വനംവകുപ്പ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാമചന്ദ്രന് മദ്ദപ്പാടിന്റെ ലക്ഷണങ്ങളില്ലെങ്കിലും ചെറിയ ശബ്ദം കേട്ടാല്‍ പോലും ഞെട്ടി ഓടുന്ന ആനയെ എഴുന്നള്ളിപ്പിനും മറ്റു പൊതുപരിപാടികള്‍ക്കും കൊണ്ടു പോവുന്നത് അപകടകരമാണെന്നാണ് വനംവകുപ്പിന്റെ നി​ഗമനം. നിലവില്‍ വിദ​ഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ആനയെ പരിശോധിച്ചു വരികയാണ്. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരി​ഗണിച്ചാണ് ആനയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ നിരീക്ഷണസമിതി തീരുമാനിച്ചതെന്നാണ് വിവരം.

Vadasheri Footer