”ഹൃദയത്തിൽ ശ്രീകൃഷ്ണ”
തലമുറകളുടെ സംഗമ വേദിയായി
ഗുരുവായൂർ: ‘ഹൃദയത്തിൽ ശ്രീകൃഷ്ണ’ എന്ന പേരിൽ രണ്ടു ദിനരാത്രങ്ങളായി നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രാൻഡ് അലുംനി റീയൂണിയൻ തലമുറകളുടെ സംഗമ വേദിയായി മാറി . കോളേജിന് തറക്കല്ലിട്ട കോഴിക്കോട് സാമൂതിരി കോട്ടക്കൽ കിഴക്കേ കോവിലകം കുഞ്ഞുണ്ണി രാജയുടെ മകൾ മുല്ലശേരി ശ്രീദേവി പുഷ്കരാക്ഷ മേനോൻ ഉദ്ഘാടനം ചെയ്തു.
മികച്ച ഗാന രചനയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ ബി കെ ഹരിനാരായണന്റെ വരികൾക്ക് ,സംഗീത സംവിധാനത്തിന് സംസ്ഥാന അവാർഡ് ലഭിച്ച വിനീഷ് മണിയുടെ സംവിധാനത്തിൽ ഒരുക്കിയ ‘ഹൃദയരാഗ ’ ത്തിന്റെ ലൈവ് ആവിഷ്കാരത്തോടെയായിരുന്നു തുടക്കം.
പ്രിൻസിപ്പൽ ഡോ എംകെ ഹരിനാരായണൻ അധ്യക്ഷനായി.ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ: വി കെ വിജയൻ, കമ്മറ്റിയംഗം അഡ്വ കെ വി മോഹന കൃഷ്ണൻ, സംഘാടക സമിതി ചെയർമാൻ ഡോ പി എസ് വിജോയ്, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഡോ ടി നിശാന്ത് എന്നിവർ സംസാരിച്ചു. കോളേജിൽ നിർമിക്കുന്ന ‘വ്യന്ദാവൻ’ പാർക്കിൻ്റെ നിർമാണത്തിലേക്ക് 2 ലക്ഷം രുപയുടെ ചെക്ക് ദുബൈ വ്യവസായി വിഘ്നേഷിൻ്റെ പിതാവ് വിജയകുമാറിൽ നിന്നും പ്രിൻസിപ്പൽ ഏറ്റുവാങ്ങി.
1964 മുതൽ 2022 വരെ ശ്രീകൃഷ്ണ കോളേജിൽ പഠിച്ച വിദ്യാർത്ഥികളുടെ സംഗമം ഇതാദ്യമായാണ് കോളേജ് ഒഫീഷ്യൽ ആയി സംഘടിപ്പിക്കുന്നത്. ആദ്യ ദിവസം ,
1975 വരെ കാലയളവിനുള്ളിൽ വിവിധ മേഖലകളിൽ
വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു.
വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മ്യൂസിക് പ്രോഗ്രാമായ ‘രാഗ മ്യൂസിക് വൈബ് , പ്രമുഖ ബാൻഡായ ആൽമരം ഒരുക്കിയ മ്യൂസിക് പ്രോഗ്രാം ശ്രദ്ധേയമായിരുന്നു..
രണ്ടാം ദിവസമായ തിങ്കളാഴ്‌ച സ്ഥാപക ദിനത്തിൽ കേക്ക് കട്ടിങ്, ആദ്യ ബാച്ചുകളിൽ പഠിച്ചവരെ ആദരിക്കുന്ന പടവുകൾ, കുടുംബസംഗമം, മാക് സംഗീത കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന പഴയ കാല ഗാനങ്ങൾ കോർത്തിണക്കിയ ‘മധുരിക്കും ഓർമ്മകൾ’ പ്രസീത ചാലക്കുടിയുടെ ഫോക്ക്റോക്ക് സംഗീത വിരുന്ന് എന്നിവയുമുണ്ടാകും