
സിഡ്‌നിയിൽ ഭീകരക്രമണം നടത്തിയത് പാകിസ്ഥാൻ സ്വദേശി?

സിഡ്നി: സിഡ്നിയെ നടുക്കിയ, ജൂതവിശ്വാസികൾക്ക് നേരെ വെടിയുതിർത്തത് ലാഹോർ സ്വദേശിയായ വിദ്യാർത്ഥിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സിഡ്നിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള നവീദ് അക്രം എന്നയാളാണ് ബോണ്ടി ബീച്ചിൽ വെടിയുതിർത്തതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ പ്രാന്തപ്രദേശമായ ബോണിറിഗിലെ ഇയാളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതായാണ് പുറത്ത് വരുന്ന മാധ്യമ റിപ്പോർട്ടുകൾ. ജൂത മതവിശ്വാസികളുടെ ഹനൂക്ക ആഘോഷത്തിനിടയിലേക്ക് രണ്ട് അക്രമികൾ വെടിയുതിർത്തത്. ഇവരെത്തിയ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പൊലീസ് കണ്ടെത്തിയിരുന്നു. അക്രമികളിലൊരാളെ പൊലീസ് വെടിവച്ച് കൊന്നിരുന്നു. രണ്ടാമന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 24 വയസ് പ്രായമുള്ള യുവാവിനേക്കുറിച്ച് പൊലീസിന് വളരെ കുറച്ച് വിവരങ്ങളാണ് ലഭ്യമായതെന്നാണ് പുറത്ത് വരുന്ന വിവരം.
പ്രാദേശിക സമയം വൈകുന്നേരം 6.30ഓടെയാണ് ഹനൂക്ക ആഘോഷത്തിന്റെ എട്ടാം ദിവസം വെടിവയ്പുണ്ടായത്. 11 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ 29 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാകിസ്ഥാനിലെ ലാഹോറിൽ നിന്ന് ഓസ്ട്രേലിയയിൽ എത്തിയ അൽ മുറാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയാണ് 24കാരനായ നവീദ് അക്രം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളുടേതെന്ന പേരിൽ ലൈസൻസിന്റെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നേരത്തെ ഓസ്ട്രേലിയയെ നടുക്കിയ വെടിവയ്പിൽ അക്രമികളിലൊരാളെ കീഴ്പ്പെടുത്തുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഒരു മരത്തിന് പിന്നിൽ നിന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുന്ന ആക്രമിയെ പിന്നിൽ നിന്ന് വെള്ള ടീ ഷർട്ട് ധരിച്ചെത്തിയ യുവാവ് കീഴടക്കുന്ന ദൃശ്യങ്ങളാണ് ബോണ്ടി ആക്രമണത്തിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ആയുധ ധാരിയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ യുവാവ് യഥാർത്ഥ ധീരനെന്നാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ്റ്റഫർ ജോൺ മിൻസ് വിശേഷിപ്പിച്ചത്. അക്രമി 50 റൗണ്ടുകളിലേറെ വെടിയുതിർത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ആയിരത്തിലേറെ ജൂതമത വിശ്വാസികളാണ് ഹനൂക്ക ആഘോഷത്തിനായി ബോണ്ടി ബീച്ചിൽ ഒത്തുകൂടിയത്.
