സ്വര്‍ണ്ണകോലത്തില്‍ ശ്രീഗുരുവായൂരപ്പന്‍ തിങ്കളാഴ്ച എഴുന്നെള്ളി
ഗുരുവായൂര്‍: രാജകീയ പ്രൗഢിയോടെ തങ്കതിടമ്പേറ്റിയ സ്വര്‍ണ്ണകോലത്തില്‍ ശ്രീഗുരുവായൂരപ്പന്‍ തിങ്കളാഴ്ച എഴുന്നെള്ളി. ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച്, 6-ാം വിളക്ക് ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് 3-നാണ് ശ്രീ ഗുരുവായൂരപ്പന്‍ വിളക്കെഴുന്നെള്ളിപ്പിനായി സ്വര്‍ണ്ണ കോലത്തിലെഴുന്നെള്ളിയത്. . ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ ഒന്നാംനിരയിലുള്ള മൂന്ന് കൊമ്പന്മാരാണ് ഭഗവാന്റെ സ്വര്‍ണ്ണകോലമേന്തിയ കാഴ്ച്ചശീവേലിയില്‍ അണിനിരന്നത്. കൊമ്പന്‍ ദാമോദര്‍ദാസ് തങ്കതിടമ്പേറ്റിയ സ്വര്‍ണ്ണകോലം ശിരസ്സിലേയ്ക്ക് ഏറ്റുവാങ്ങിയപ്പോള്‍ രവികൃഷ്ണനും, ചെന്താമരാക്ഷനും ഇടംവലം പറ്റാനകളായി അണിനിരന്നു. .
ഉത്സവനാളുകളില്‍ 6-ാം വിളക്ക് മുതല്‍ ആറാട്ടുവരേയും, ഏകാദശീ നാളുകളില്‍ നാല് ദിവസവും, അഷ്ടമിരോഹിണിക്കും മാത്രമാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളുന്നത്. ഉത്സവനാളുകളിലെ പള്ളിവേട്ടയ്ക്കും, ആറാട്ടിനും ഭഗവാന്‍ തന്റെ പ്രജകളെ കാണാനായി ക്ഷേത്ര മതില്‍കെട്ടിന് പുറത്തേയ്‌ക്കെഴുന്നെള്ളും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ എഴുന്നെള്ളുന്നതും ഈ സ്വര്‍ണ്ണകോലത്തില്‍ തന്നെ.
മലര്‍ന്ന പൂക്കള്‍ ആലേഖനം ചെയ്ത് വര്‍ഷങ്ങളോളം കാലപഴക്കമുള്ള ഈ സ്വര്‍ണ്ണകോലത്തിന് ചുറ്റും പ്രഭാമണ്ഡലം വലയം ചെയ്ത മുരളീധര വിഗ്രഹമാണ് മനോഹരമായി ആലേഖനം ചെയ്തിട്ടുള്ളത്. സ്വര്‍ണ്ണകോലത്തില്‍ മലര്‍ന്ന പൂക്കളുള്ള കോലങ്ങള്‍ വളരെ അപൂര്‍വ്വമായേ കാണുകയുള്ളു. ദശാവതാരം, അനന്തശയനം എന്നിവ കൊത്തിയ്ട്ടുള്ളതാണ് പ്രഭാമണ്ഡലം.
കൂടാതെ തിരുവിതാംകൂർ മഹാരാജാവ് ആനതറവാട്ടിലെ ഗജകേസരി പഴയ പത്മനാഭന് സമ്മാനിച്ച വീരശൃംഗല, മരതകപച്ച, ഇളക്കതാലിയോട് കൂടിയ പത്ത് പൂക്കള്‍ എന്നിവയും, വെള്ളികൊണ്ട് പൊതിഞ്ഞ പീഠവുമായുള്ളതാണ് ഭഗവാന്റെ സ്വര്‍ണ്ണകോലം. വെള്ളികൊണ്ട് പൊതിഞ്ഞ പീഠത്തിലാണ് ഭഗവാന്റെ തിടമ്പ് വെച്ച് പ്രൗഢിയോടെയുള്ള എഴുന്നെള്ളിപ്പ്