സുരേഷ് വാര്യര്‍ സ്മാരക സംസ്ഥാന തല മാധ്യമ പുരസ്‌കാരം ഡോ. എം.പി. പത്മനാഭനും, സി.പി. അഗസ്റ്റിനും
ഗുരുവായൂർ : ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ സുരേഷ് വാര്യര്‍ സ്മാരക സംസ്ഥാന തല മാധ്യമ പുരസ്‌കാരം മാതൃഭൂമി ബേപ്പൂര്‍ ലേഖകന്‍ ഡോ. എം.പി. പത്മനാഭനും (അച്ചടി മാധ്യമം), ടി.സി.വി തൃശൂര്‍ റിപ്പോര്‍ട്ടര്‍ സി.പി. അഗസ്റ്റിനും (ദൃശ്യ മാധ്യമം) നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സുരേഷ് വാര്യരുടെ ചരമ വാര്‍ഷിക ദിനമായ മെയ് 30ന് വൈകീട്ട് അഞ്ചിന് ഗുരുവായൂര്‍ ടൗണ്‍ ഹാള്‍ വളപ്പിലെ സെക്കുലര്‍ ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി കെ. രാജന്‍ പുരസ്‌കാരം കൈമാറും. 5,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി.കെ. കൃഷ്ണന്‍, ദൃശ്യ മാധ്യമ പ്രവര്‍ത്തകയായിരുന്ന ശ്രീകൃഷ്ണ കോളജ് മലയാള വിഭാഗം അധ്യാപിക ശ്രീകല, പ്രസ് ഫോറം പ്രസിഡന്റ് പി.കെ. രാജേഷ് ബാബു എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. ലക്ഷദ്വീപിലെ പ്രതിഷേധങ്ങള്‍ ആദ്യമായി പുറംലോകത്തെത്തിച്ച വാര്‍ത്തയാണ് പത്മനാഭനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. തന്റെ മുത്തശ്ശിയോട് പേരക്കുട്ടിക്കുള്ള കരുതലും സ്‌നേഹവും പകര്‍ത്തി ലോകത്തിന് മുന്നില്‍ മാതൃകയാക്കിയതിനാണ് അഗസ്റ്റിന് പുരസ്‌കാരം. പ്രസ് ഫോറം പ്രസിഡന്റ് പി.കെ. രാജേഷ് ബാബു, സെക്രട്ടറി കെ. വിജയന്‍ മേനോന്‍, ട്രഷറര്‍ ശിവജി നാരായണന്‍, വൈസ് പ്രസിഡന്റ് ലിജിത്ത് തരകൻ, ജോ.സെക്രട്ടറി ജോഫി ചൊവ്വന്നൂർ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു