പ്രധാനമന്ത്രിയുടെ സന്ദർശനം, സുരക്ഷാ അവലോകന യോഗം ഞായറാഴ്ച
ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ തുടങ്ങി. . . സുരക്ഷാ കണക്കിലെടുത്ത് ഗുരുവായൂരില്‍ നടക്കുന്ന വിവാഹങ്ങളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി ബുധനാഴ്ച ഗുരുവായൂരിലെത്താനിരിക്കെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന സുരക്ഷാ അവലോകന യോഗംഞായറാഴ്ച ഗുരുവായൂരിൽ നടക്കും.
ബുധനാഴ്ച രാവിലെ ഏഴുമണിയ്ക്ക് മുമ്പ് ശ്രീകൃഷ്ണ കോളെജ് ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാന മന്ത്രി ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്കെത്തും. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം. പിന്നാലെ എട്ടേമുക്കാലോടെ വിവാഹത്തില്‍ പങ്കെടുക്കും. കിഴക്കേ നടയിലെ ഏറ്റവും മുന്നിലുള്ള മണ്ഡപത്തിലാണ് താലികെട്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാഹങ്ങള്‍ മാറ്റിവച്ചെന്ന പ്രചരണം തള്ളി ദേവസ്വം രംഗത്തെത്തി. എല്ലാവിവാഹങ്ങളും നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ കെപി വിനയന്‍ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.. പ്രധാന മന്ത്രിയുടെ വരവ് പ്രമാണിച്ച് നാല്പതിലേറെ വിവാഹങ്ങള്‍ വെളുപ്പിന് അഞ്ചിനും ആറിനുമിടയില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഓരോ വിവാഹ സംഘങ്ങളിലും ഇരുപത് പേര്‍ക്കു മാത്രമാണ് പങ്കെടുക്കാനുള്ള അനുമതി. ഇവരെല്ലാം, തിരിച്ചറിയൽ രേഖ ഹാജരാക്കി പൊലീസിൽ നിന്ന് പ്രത്യേക പാസെടുക്കണം.ബുധനാഴ്ച ഏഴ് മണിമുതൽ ഒൻപത് വരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാവുക. രാവിലെ 5 മുതൽ ആറുവരെയും പിന്നീട് പ്രധാനമന്ത്രി മടങ്ങി ഒൻപത് മണിക്ക് ശേഷവും മറ്റ് വിവാഹങ്ങൾ നടത്തും.