Header 1 = sarovaram
Above Pot

കോവിഡ് വ്യാപനം , സംസ്ഥാനത്ത് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണം . മറ്റു നിയന്ത്രണങ്ങൾ എല്ലാം ജില്ല തിരിച്ച്

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം അനുസരിച്ചു ജില്ലകളെ തരംതിരിച്ചു നിയന്ത്രണം ഏർപ്പെടുത്താനാണു കോവിഡ് അവലോകന യോഗത്തിലെ തീരുമാനം.

തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ശക്തമായ നിയന്ത്രണമേർപ്പെടുത്തും. പൊതുപരിപാടികൾക്ക് പൂർണവിലക്കാണ്. സ്വകാര്യ ചടങ്ങിൽ 20 പേർ മാത്രം. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്തണം. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെ പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചു.

Astrologer

10 മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്കു റഗുലർ ക്ലാസുകള്‍ നടക്കും. എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പൊതു-സ്വകാര്യ ചടങ്ങുകളിൽ 50 പേർക്ക് പങ്കെടുക്കാം. മറ്റു ജില്ലകളിൽ അതത് കലക്ടർമാർക്ക് തീരുമാനിക്കാം. തിയറ്റർ, ബാർ എന്നിവ തുറന്നു പ്രവർത്തിപ്പിക്കുന്ന കാര്യത്തിലും കലക്ടർമാർക്ക് തീരുമാനമെടുക്കാം

വ്യാഴാഴ്ച കേരളത്തിൽ പ്രതിദിന കോവിഡ് കേസിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 46,387 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 40.21. സംസ്ഥാനത്തെ ആകെ മരണം 51,501 ആയി. ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസർകോട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ യുഎഇയില്‍ നിന്നും വന്ന തമിഴ്‌നാട് സ്വദേശിയാണ്. 49 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും ഒരാള്‍ ഹൈ റിസ്‌ക് രാജ്യത്തില്‍നിന്നും വന്നതാണ്. 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.

സംസ്ഥാനത്ത് ആകെ 707 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും 483 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും ആകെ 108 പേരും എത്തിയിട്ടുണ്ട്. 88 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്ന 28 പേരാണുള്ളത്

Vadasheri Footer