Header 1 = sarovaram
Above Pot

സുബൈര്‍ വധം സഞ്ജിത്തിനെ കൊന്നതിലുള്ള പ്രതികാരം

പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് എന്ന് അറസ്റ്റിലായവരുടെ മൊഴി. സഞ്ജിത്തിന്‍റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലായ അറുമുഖൻ, രമേശ്, ശരവൺ എന്നിവരുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി. സുബൈറിന്‍റെ അയൽവാസിയും സ‌ഞ്ജിത്തിന്‍റെ സുഹൃത്തുമായ രമേശ് ആണ് കൊലപാതകത്തിനുള്ള ആളുകളെ ഏകോപിപ്പിച്ചത്. നിരവധി പേരെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചത് മൂന്ന് പേരെയാണ്. ആദ്യ രണ്ട് ശ്രമങ്ങൾ പൊലീസ് ഉണ്ടായിരുന്നതിനാൽ ഉപേക്ഷിച്ചു.

എപ്രിൽ 1, 8 തീയ്യതികളായിരുന്നു ഈ ശ്രമമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. എലപ്പുള്ളിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് സ‌ഞ്ജിത്തിന്‍റെ അടുത്ത സുഹൃത്താണ് രമേശ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതില്‍ സുബൈറിന് പങ്കുണ്ടാകുമെന്ന് സ‌ഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നതായും എഡിജിപി വ്യക്തമാക്കി. പ്രതികളിൽ നിന്ന് ഗൂഡാലോചന സംബന്ധിച്ച കാര്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കം പൂര്‍ത്തിയാക്കും. അതേസമയം ശ്രീനിവാസൻ വധക്കേസിലെ പ്രതികൾ കൊലപാതകത്തിന് മുൻപ് സുബൈറിന്‍റെ പോസ്റ്റുമോര്‍ട്ടം നടന്ന പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ആശുപത്രിയിൽ നിന്നാണ് കൊലപാതകത്തിനായി ആറംഗ സംഘം പുറപ്പെട്ടത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് പൊലീസ് ശ്രമം. ശ്രീനിവാസൻ കൊലക്കേസിൽ അന്വേഷണം ഊർജ്ജിതമാണെന്നും മറ്റ് ആരോപണം തള്ളുന്നതായും എഡിജിപി വ്യക്തമാക്കി

Vadasheri Footer