സ്റ്റേഷനിൽ പോലീസിനെ ആക്രമിക്കുകയും ഗേറ്റ് നശിപ്പിക്കുകയും ചെയ്ത പ്രവാസി റിമാൻഡിൽ
ഗുരുവായൂര്‍ : പോലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ച പ്രവാസി നായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.തടയാനെത്തിയ പോലീസുകാര്‍ക്കു നേരെയും അക്രമം കാട്ടി.എ.എസ്.ഐ.യെ ചവിട്ടി തള്ളിയിട്ടു. ഒടുവില്‍ കീഴ്‌പ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാണശ്ശേരിയിലുള്ള ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൂനംമൂച്ചി തരകന്‍ മേലയില്‍ വിന്‍സന്‍(52)ആണ് അറസ്റ്റിലായത്.കൂനംമൂച്ചി സ്വദേശിയായ സന്തോഷിനെ ഭീഷണിപ്പെടുത്തിയെന്നതിന് ഇയാളുടെ പേരില്‍ കഴിഞ്ഞ ദിവസം കേസ്സെടുത്തിരുന്നു.ഇതിനായി തിങ്കളാഴ്ച ഉച്ചയ്ക്കു മുമ്പ് സ്റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.
കാറുമായി സ്റ്റേഷന്റെ ഉള്ളിലേയ്ക്ക് കടന്ന ഇയാള്‍ പോലീസിനു നേരെ അസഭ്യം പറയാന്‍ തുടങ്ങി.കാറിനുള്ളിലുണ്ടായിരുന്ന ബിഗ്ബുള്‍ ഇനത്തില്‍പ്പെട്ട നായയെ സ്റ്റേഷന്റെ ഉള്ളിലേയ്ക്ക് അഴിച്ചു വിടാനായിരുന്നു ശ്രമം.ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ അടുത്തു വന്നപ്പോള്‍ നായയെ കാറിനുള്ളിലേയ്ക്കുതന്നെ മാറ്റി.അടുത്തു കിടന്നിരുന്ന കൈക്കോട്ടെടുത്ത് പോലീസിനു നേരെ വീശി.ഇതിനിടെ എ.എസ്.ഐ.ഗോപിനാഥനെ ചവിട്ടി തള്ളിയിട്ടു.പിന്നീട് ഗേറ്റും കാറിന്റെ ചില്ലും തകര്‍ത്തു.ഒടുവില്‍ അക്രമിയെ പോലീസുകാര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് വിലങ്ങുവെച്ച് ചാവക്കാട് താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു