കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകിയില്ല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്ക് വാറണ്ട്
തൃശൂർ : കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബാങ്ക് മാനേജർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മുപ്ലിയം സ്വദേശി പുതുക്കാടി വീട്ടിൽ പി.ആർ.ശിവനും സഹകർഷകരും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് സൗത്ത് ചാലക്കുടിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്കെതിരെ ഇപ്രകാരം ഉത്തരവായതു്.ഹർജിക്കാർ കൃഷിനാശം വന്നത് സംബന്ധമായി ഫയൽ ചെയ്ത ഹർജി പരിഗണിച്ച് കെ.എച്ച്.ഡി.പി.ഇത് സംബന്ധമായി നഷ്ടം കണക്കാക്കിയ തുകയും 2500 രൂപ വീതം നഷ്ടവും 3000 രൂപ ചിലവും ഒരു മാസത്തിനുള്ളിൽ നൽകുവാൻ ബാങ്കിനെതിരെ വിധിയുണ്ടായിരുന്നു.
എന്നാൽ വിധി ബാങ്ക് പാലിക്കുകയുണ്ടായില്ല. ഒരു മാസം എന്നതു് വിധി പാലിക്കുന്നതിനുള്ള മുഖ്യഘടകമായിരുന്നു. വിധിപ്രകാരം പ്രവർത്തിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേന വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവിടുകയായിരുന്നു. തുടർന്ന് വാറണ്ട് പിൻവലിക്കുന്നതിന് എതിർകക്ഷി സമർപ്പിച്ച അപേക്ഷയും തള്ളുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി