
ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം തിരുനാവായ ശങ്കര മാരാർക്ക്.

ഗുരുവായൂർ: ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2025 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് അഷ്ടപദി കലാകാരൻ തിരുനാവായ ശങ്കര മാരാർ
അർഹനായി. അഷ്ടപദി ഗാനശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം . .25001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .അഷ്ടപദി സംഗീതോൽസവ ദിനമായ ഏപ്രിൽ 28 തിങ്കളാഴ്ച രാത്രി ഏഴിന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല രജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ പുരസ്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര സ്വീകർത്താവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഡോ.സദനം ഹരികുമാർ , അമ്പലപ്പുഴ വിജയകുമാർ എന്നിവരടങ്ങുന്ന അഷ്ടപദി പുരസ്കാര നിർണയ സമിതിയാണ് തിരുനാവായ
ശങ്കരമാരാരെ പുരസ്കാരത്തിനായി ശുപാർശ ചെയ്തത്.. ഇന്നു ചേർന്ന ദേവസ്വം ഭരണസമിതി യോഗം ശുപാർശ അംഗീകരിച്ചു തിരുനാവായ ശങ്കര മാരാരെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു.. ദേവസ്വം
ഭരണ സമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ
.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .കെ.പി.വിശ്വനാഥൻ, .മനോജ് ബി നായർ, അഡ്മിനിസ്,ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.
മലപ്പുറം തിരുനാവായ കുന്നനാത്ത് സ്വദേശിയായ ശങ്കര മാരാർ
തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ വാദ്യം അടിയന്തിര പ്രവൃത്തിയിൽ സേവനമനുഷ്ഠിക്കുന്നു. ഏഴു പതിറ്റാണ്ടിൻ്റെ കലാസപര്യയ്ക്കുടമയാണ്തിരുനാവായ ശങ്കര മാരാർ.
കോഴിക്കോട് സാമൂതിരി രാജ സുവർണ്ണ മുദ്ര പുരസ്കാരം, കേരള സംഗീത സഭയുടെ സോപാന സംഗീത ശ്രേഷ്ഠ പുരസ്ക്കാരം, ഞരളത്ത് രാമപ്പൊതുവാൾ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
