Above Pot

റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ സൗജന്യ പാസ് അനുവദിക്കാമെന്ന് ടോൾ കമ്പനി

തൃശൂർ : റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ സൗജന്യ പാസ് അനുവദിക്കാമെന്ന് ടോൾ കമ്പനിയുടെ സത്യവാങ്മൂലം. തൃശൂർ ഉപഭോക്തൃ കോടതിയിലാണ് ടോൾ കമ്പനി സത്യവാങ്മൂലം നൽകിയത്.ഒല്ലൂർ കാരക്കട വീട്ടിൽ ജോസഫ് കാരക്കട ഫയൽ ചെയ്ത ഹർജി പരിഗണിക്കവെയാണ് ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ഇപ്രകാരം സ്റ്റേറ്റ്മെൻ്റ് നൽകിയത്. ഹർജിക്കാരൻ ദൂരപരിധി അടിസ്ഥാനത്തിൽ സൗജന്യ പാസ്സിന് അർഹതയുണ്ടായിരുന്ന വ്യക്തിയാണ്. പാസ്സ് പുതുക്കുവാൻ ചെന്നപ്പോൾ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പാസ്സ് നിഷേധിച്ചത് നിയമവിരുദ്ധമാണെന്നും ആരോപിച്ചാണ് ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്‌ചർ പ്രൈവറ്റ് ലിമിറ്റഡ്, നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ലിമെൻ്റേഷൻ യൂണിറ്റ്, തൃശൂർ കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ കലക്ടർ എന്നിവരെ എതൃകക്ഷികളാക്കി ജോസഫ് കാരക്കട തൃശൂർ ഉപഭോക്തൃകോടതിയിൽ ഹർജി ഫയലാക്കിയത്. ഭരണകൂടവും തൃശൂർ കോർപ്പറേഷനും റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ സൗജന്യ പാസ്സ് അനുവദിക്കാമെന്ന നിലപാടാണ് സ്വീകരിക്കുകയുണ്ടായത്. ടോൾ പ്ളാസ അധികൃതരാകട്ടെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണുണ്ടായത്. എന്നാൽ തുടർന്ന് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ സൗജന്യ പാസ്സ് നൽകാമെന്ന് ടോൾ പ്ലാസ അധികൃതർ സത്യവാങ്മൂലം കോടതി മുമ്പാകെ സമർപ്പിക്കുകയായിരുന്നു. കൂടുതൽ നടപടികളിലേക്കായി പ്രസിഡൻ്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ എസ്, രാംമോഹൻ ആർ എന്നിവടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി കേസ് ഈ മാസം 25 ലേക്ക് മാറ്റിവെച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി

First Paragraph  728-90