
സോണി കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി

തൃശൂർ : മാറ്റി നൽകിയ ടി വി ക്കും തകരാർ സംഭവിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. തൃശൂർ കിഴക്കേകോട്ടയിലുള്ള കണ്ണമ്പുഴ വീട്ടിൽ അനിത.പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചിയ്യാരത്തുള്ള സോണി ഓഥറൈസ്ഡ് സർവ്വീസ് സെൻററിലെ മാനേജർക്കെതിരെയും കൊച്ചിയിലെ സോണി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.


അനിത 22,900 രൂപ നൽകിയാണ് സോണി ടിവി വാങ്ങിയതു്. ഫിറ്റ് ചെയ്യുവാൻ കൊണ്ടുവന്നപ്പോൾ ടി വി യിൽ ചിന്നൽ കാണുകയും തുടർന്ന് ടി വി മാറ്റി നൽകുകയുണ്ടായിട്ടുള്ളതുമാകുന്നു. മാറ്റി നൽകിയ ടി വി യും പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു.പരാതിപ്പെട്ടപ്പോൾ ടി വി കൊണ്ടുപോവുകയും റിപ്പയറിങ്ങിന് 12,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു.പണം നൽകുവാൻ അനിത തയ്യാറാകാതിരുന്നതിനെത്തുടർന്ന് ടി വി തകരാർ പരിഹരിക്കാതെ മടക്കി നൽകുകയായിരുന്നു.

തുടർന്ന് അനിത ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ടി വി യുടെ വിലയായ 22900 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
