ശിവശങ്കറിനെ ഏഴ് ദിവസം എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ വിട്ടു.

">

കൊച്ചി: ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി എൻഫോഴ്സ്മെന്റ് കോടതിയിൽ പ്രാഥമിക കുറ്റപത്രം നൽകി. കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിലാണ് ഇദ്ദേഹത്തെ അഞ്ചാം പ്രതിയാക്കി ചേർത്തത്. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ ഏഴ് ദിവസം എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ വിട്ടു. മൂന്ന് മണിക്കൂർ ചോദ്യം ചെയ്താൽ ഒരു മണിക്കൂർ ശിവശങ്കറിനെ വിശ്രമിക്കാൻ അനുവദിക്കണമെന്നും കോടതി പറഞ്ഞു.

ഇതിന് പുറമെ ഭാര്യയും സഹോദരനുമടക്കം മൂന്ന് കുടുംബാംഗങ്ങൾക്ക് ശിവശങ്കറിനെ കാണാൻ അനുവാദമുണ്ട്. ആവശ്യമെങ്കിൽ വൈകീട്ട് ആറ് മണിക്ക് ശേഷം ശിവശങ്കറിന് വൈദ്യസഹായം ലഭ്യമാക്കണം. ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാൻ പാടില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.

അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് എൻഫോഴ്സ്മെന്റ് ആരോപിക്കുന്നത്. ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചുവെന്നും അവർ പറഞ്ഞു. ജില്ലാകോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് പരിഗണിച്ചത്. എൻഫോഴ്സ്മെന്റ് അദ്ദേഹത്തെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് ഗുരുതരമായ നടുവേദനയുണ്ടെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചു. ഇക്കാര്യം ശിവശങ്കർ ജഡ്ജിക്ക് സമീപം എത്തി സംസാരിച്ചു. തുടർച്ചയായ  ചോദ്യം ചെയ്യാൻ പാടില്ലെന്നും രണ്ട് മണിക്കൂർ കൂടുമ്പോൾ കിടക്കാൻ അനുവദിക്കണമെന്നും ആയുർവേദ ചികിൽസ ഉറപ്പാക്കണം അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ചോദ്യം ചെയ്യലിനിടെ വിശ്രമം അനുവദിച്ചത്.

അതേ സമയം കസ്റ്റംസ് ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സൂപ്രണ്ട് വിവേകാണ് ഇഡി ഓഫീസിൽ എത്തിയത്. ഇനി കസ്റ്റംസും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമോയെന്ന വിഷയത്തിൽ ഇതുവരെ വ്യക്തതയില്ല. നയതന്ത്രബാഗേജ് വിട്ടുനൽകാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോയിൽ പരാമർശമുണ്ട്. ഇതിനായി എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചുവെന്നാണ് കണ്ടെത്തൽ. ഇത് സ്വർണ്ണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എൻഫോഴ്സ്മെൻ്റ് പറയുന്നു. സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നു. ഈ സാഹചര്യത്തിൽ സ്വപ്നയടക്കം നടത്തിയത് സ്വർണ്ണക്കടത്തായിരുന്നുവെന്ന കാര്യത്തിൽ ഇദ്ദേഹത്തിന് അറിവുണ്ടായിരുന്നോ എന്നതടക്കമുള്ള വിഷങ്ങളിൽ ഇനി വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് ഇഡി നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors