Above Pot

സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹത : ഭാര്യ നീന ഭാസ്കർ

കൊച്ചി: സിപിഎം നേതാവായിരുന്ന സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്കർ. ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരങ്ങളും തെറ്റായിരുന്നു. ബ്രിട്ടോയ്ക്ക് അവസാനനിമിഷങ്ങളിൽ കൃത്യമായ പരിചരണം കിട്ടിയില്ലെന്നും സീന അഭിപ്രായപ്പെട്ടു .

First Paragraph  728-90

തൃശ്ശൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബ്രിട്ടോയെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ബ്രിട്ടോയെ കൊണ്ടുപോകാനെത്തിയ വാഹനത്തിൽ ഓക്സിജനുണ്ടായിരുന്നില്ല. ഓക്സിജനുള്ള ആംബുലൻസ് വേണമെന്ന് ബ്രിട്ടോ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അത് ഇല്ലാത്ത വാഹനമാണ് കൊണ്ടുവന്നതെന്നും സീന പറയുന്നു. സ്വന്തം ആരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണകളുള്ളയാളാണ് ബ്രിട്ടോയെന്നും ചിട്ടകളോടെയാണ് ജീവിച്ചിരുന്നതെന്നും സീന വ്യക്തമാക്കി.

കൂടെയുണ്ടായിരുന്നവർ പല തരത്തിലാണ് ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് വിശദീകരണം നൽകുന്നത്. ആർക്കും കൃത്യമായ ഒരു ചിത്രം നൽകാനാകുന്നില്ല. എന്താണ് ബ്രിട്ടോയ്ക്ക് സംഭവിച്ചതെന്ന് തനിക്ക് അറിയാൻ അവകാശമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീന പറയുന്നു.
ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാരിനെ സമീപിക്കും. അടുത്ത സുഹൃത്ത് കൂടിയായിരുന്ന ധനമന്ത്രി തോമസ് ഐസകിനെ കണ്ട് അന്വേഷണം ആവശ്യപ്പെടുമെന്നും സീന വ്യക്തമാക്കി.

എന്നാൽ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ സൈമൺ ബ്രിട്ടോയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബ്രിട്ടോയെ ചികിത്സിച്ച ഡോക്ട‌‌ർ അബ്ദുൾ അസീസ് തൃശൂരിൽ പ്രതികരിച്ചു .
ഹൃദ്രോഗമുള്ള ആളാണെന്ന് കരുതിയാണ് ചികിത്സ ആരംഭിച്ചതെന്നും ഡോക്ടർ പറഞ്ഞു. അങ്ങനെയാണ് കൂടെയുള്ളവർ അറിയിച്ചത്. കൃത്യമായ രോഗങ്ങളെക്കുറിച്ചോ, കഴിക്കുന്ന മരുന്നുകളെക്കുറിച്ചോ രേഖകളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉള്ള വിവരങ്ങൾ വച്ച് ചികിത്സ നൽകിയത്. പന്ത്രണ്ട് മണിക്കൂറോളം അസ്വസ്ഥത അനുഭവപ്പെട്ട ശേഷമാണ് ബ്രിട്ടോയെ ചികിത്സയ്ക്കായി എത്തിച്ചത്. അതുകൊണ്ടുതന്നെ, കുറച്ച് നേരത്തേ എത്തിച്ചിരുന്നെങ്കിൽ ബ്രിട്ടോയെ രക്ഷിക്കാമെന്നായിരുന്നു കരുതുന്നതെന്നും ഡോക്ടർ വ്യക്തമാക്കി.