
ഈഗ്ൾസ് ഓഫ് ദി റിപ്പബ്ലിക്ക് മുതൽ നിർമാല്യം വരെ; നാളെ 72 ചിത്രങ്ങൾ

തിരുവനന്തപുരം:30-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച്ച 72 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ഹോമേജ് വിഭാഗത്തിൽ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നിർമാല്യം’, ഇറ്റാലിയൻ സംവിധായകൻ ഫെഡറികോ ഫെല്ലിനിയുടെ ഓസ്കാർ ചിത്രം 8 ആൻഡ് ഹാഫ്, സ്വീഡിഷ് സംവിധായകൻ താരിഖ് സാലേഖിന്റെ ഈഗ്ൾസ് ഓഫ് ദി റിപ്പബ്ലിക്ക് എന്നിവ നാളെ പ്രദർശിപ്പിക്കും.
ചെക്കോസ്ലോവാക്യൻ നവതരംഗ വിഭാഗത്തിലെ പ്രശസ്ത സിനിമകളിൽ ഒന്നായ ജിറി മെൻസലിന്റെ ക്ലോസ്‌ലി വാച്ചഡ് ട്രെയിൻസ് വൈകീട്ട് 3 മണിക്ക് ന്യൂ തീയേറ്ററിൽ പ്രദർശിപ്പിക്കും. ജർമൻ അധിനിവേശ കാലത്തെ ചെക്കോസ്ലോവാക്യയിൽ രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഒരു റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന യുവാവിന്റെ കഥയാണ് ഓസ്കാർ നേടിയ ഈ ചിത്രം.

2025 കാനിൽ തിളങ്ങിയ ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലെമിംഗോ വൈകിട്ട് 6 ന് ശ്രീ പദ്മനാഭ തീയേറ്ററിൽ പ്രദർശിപ്പിക്കും. ഡീഗോ സെസ്പെഡസ് സംവിധാനം ചെയ്ത ചിത്രം മഹാമാരിക്കിടെ അതിജീവനത്തിനായി പോരാടുന്ന 12- കാരിയുടെ കഥയാണ്.
വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു മോഷണത്തിന്റെ കഥയാണ് കെല്ലി റെയ്ച്ചർട്ടിന്റെ ദി മാസ്റ്റർമൈൻഡ്.
മാതൃത്വത്തിന്റെ സങ്കീർണതകളും പോസ്റ്റ്പാർട്ടം ഡിപ്രെഷനും കേന്ദ്ര വിഷയങ്ങളായ ലിയെൻ റാംസെയുടെ ഡൈ മൈ ലൗ രാത്രി 8.45 ന് കൈരളി തീയറ്ററിൽ പ്രദർശിപ്പിക്കും.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഫുൾ പ്ലേറ്റ്, ബ്ലാക്ക് റാബിറ്റ്‌സ് വൈറ്റ് റാബിറ്റ്‌സ്, ഇഫ് ഓൺ എ വിന്റെഴ്സ് നൈറ്റ്, ദി ഹീഡ്ര, ബിഫോർ ദി ബോഡി എന്നീ ചിത്രങ്ങളും നാളെ പ്രദർശിപ്പിക്കും.
പാർക്ക് ചാൻ വുകിന്റെ നോ അദർ ചോയ്സ് എന്ന ചിത്രം വൈകിട്ട് 6 ന് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. തൊഴിലിടങ്ങളിലെ മത്സരബുദ്ധിയും ജീവിത നിലവാരം നിലനിർത്താൻ നടത്തുന്ന തത്രപ്പാടുകളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഹമാസ് നിയന്ത്രിത ഗാസയിൽ സുഹൃത്തിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ നടക്കുന്ന യുവാവിന്റെ കഥയാണ് ടാർസൺ, അറബ് നാസർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ. ചിത്രം വൈകീട്ട് മൂന്ന് മണിക്ക് ഏരീസ് പ്ലക്സിൽ പ്രദർശിപ്പിക്കും.
നാളെ ഉച്ച 2.30 ന് വിഖ്യാത ഇറാനിയൻ സംവിധായകൻ മൊഹമ്മദ് റൂസാലാഫുമായി പ്രത്യേക ചർച്ചയും നിള തീയറ്ററിൽ നടക്കും.
ലോക സിനിമ വിഭാഗത്തിൽ പപ്പ ബൂക, ഫ്രാൻസ്, ആൽഫ എന്നിങ്ങനെ ഒരുപിടി വ്യത്യസ്തമായ ചിത്രങ്ങളും നാളെ പ്രേക്ഷകരെ തേടിയെത്തും.
