അനുവിന്റെ മരണത്തിനുത്തരവാദി സര്‍ക്കാരും പി എസ് സിയും : ഷാഫി പറമ്പിൽ എംഎൽഎ
തിരുവനന്തപുരം∙ ബക്കറ്റിൽ തൊഴിൽ എടുത്ത് വച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാരും, പിഎസ്‌സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. കേരളം മുഴുവൻ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോൺഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നടപ്പിലാക്കാനുള്ള പിഎസ്‌സിയുടെ രാഷ്ട്രീയ വിധേയത്വത്തിന്റെ ഇരയാണ് ആത്മഹത്യ ചെയ്ത അനുവെന്ന പാവപ്പെട്ട ചെറുപ്പക്കാരൻ. കഷ്ടപ്പെട്ട് പഠിച്ച് മെയിന്‍ ലിസ്റ്റിൽ 77–ാമത് റാങ്കുകാരനായി എത്തിയ ചെറുപ്പക്കാരൻ സർക്കാരിന്റെ നിഷേധാത്മക സമീപനത്തിന്റെ പേരിൽ മാത്രമാണ് ജിവനൊടുക്കേണ്ടി വന്നത്.
<
സിവിൽ എക്സൈസ് ഓഫിസറുടെ റാങ്ക് പട്ടികയിലേക്ക് ഈ ചെറുപ്പക്കാരൻ കുറുക്കുവഴിയിലൂടെയും പിൻവാതിലിലൂടെയും കടന്നുവന്നതല്ല. പഠിച്ചു പാസായി കഷ്ടപ്പെട്ട് അധ്വാനിച്ചു കടന്നുകയറിയതാണ്. ആ ചെറുപ്പക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുപ്രതി പിഎസ്‌സി ചെയർമാനുമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
യുവാവിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും പിഎസ്‌സി ചെയർമാനെതിരെ പ്രേരണാക്കുറ്റത്തിനു കേസെടുക്കണമെന്നും എം.കെ.മുനീർ എംഎൽഎ. പ്രതിഷേധങ്ങൾ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. സമരം ചെയ്താൽ പിഎസ്‌സി ലിസ്റ്റിൽനിന്ന് പോവുമെന്നു ചെയർമാൻ ഭീഷണിപ്പെടുത്തിയത്. ഇത്തരമൊരു ദയനീയമായ സാഹചര്യമുണ്ടാക്കിയതിൽ സർക്കാരിനും പിഎസ്‌സിക്കുമുള്ള പങ്ക് അന്വേഷണ വിധേയമാക്കണം.
യുവാക്കളെ റാങ്ക് ലിസ്റ്റിൽപെടുത്തി ഇന്നോ നാളെയോ ജോലികിട്ടുെമന്ന് പ്രതീക്ഷ നൽകി ക്രൂരത കാണിക്കുകയായിരുന്നു. തനിക്കുസമരം ചെയ്യാൻപോലും കഴിയില്ലെന്ന ദുഃഖകരമായ അവസ്ഥയിലേക്കെത്തിയപ്പോഴാണ് ആ യുവാവ് ആത്മഹത്യ ചെയ്തത്. കുടുംബങ്ങളുടെ അത്താണിയാവേണ്ട യുവാക്കളെ കുരുതി കൊടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തും. പിഎസ്‌സി ചെയർമാന്റെ രണ്ടു പ്രസ്താവനകളാണ് ദുരന്തത്തിനു കാരണം. ആത്മഹത്യക്കു പ്രേരണ നൽകിയ കുറ്റത്തിന് പിഎസ്‌സി ചെയർമാനെതിരെ കേസെടുക്കണം.
യുവാക്കളോട് ‘ബക്കറ്റിൽ ജോലി എടുത്തുവെച്ചിട്ടില്ല’ എന്നാണ് പിഎസ്‌സിചെയർമാൻ പറഞ്ഞത്. ഈ ജോലി പിഎസ്‌സി ചെയർമാന്റെ തറവാട്ടിൽനിന്നു കൊടുക്കുന്നതല്ല. പിഎസ്‌സി ചെയർമാനല്ല കേരളം ഭരിക്കുന്നത്. തനിക്കെതിരെ സമരം ചെയ്യുന്ന യുവാക്കളോട് പ്രതികാരം ചെയ്യുമെന്ന് ചെയർമാൻ പറയുന്നത് ജനാധിപത്യവ്യവസ്ഥയ്ക്ക് എതിരാണ്. പിഎസ്‌സി ചെയർമാനെ വിചാരണ ചെയ്യുകയും ആ സ്ഥാനത്തുനിന്ന് നീക്കുകയും വേണം. ഇല്ലെങ്കിൽ പിഎസ്‌സി ചെയർമാനെതിരെ പ്രതിപക്ഷം നിയമനടപടിയിലേക്ക് കടക്കുമെന്നും മുനീർ പറഞ്ഞു.
പിഎസ്‌സി ചെയർമാൻ എം.കെ. സക്കീറിന്റെ മലപ്പുറം പെരുമ്പടപ്പിലെ വസതിയിലേക്ക് വിവിധ യുവസംഘനടകൾ നടത്തിയ പ്രതിഷേധ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. വീടിന് 100 മീറ്റർ അകലെ പ്രകടനം തടഞ്ഞപ്പോഴാണ് സംഘർഷമുണ്ടായത്. എംഎസ്എഫ്, യൂത്ത് കോൺഗ്രസ്, യുവമോർച്ച സംഘടനകളാണ് വിവിധ സമയങ്ങളിലായി പ്രകടനം നടത്തിയത്. എംഎസ്എഫ് ചെയർമാന്റെ കോലം കത്തിച്ചു.
കൊല്ലം കമ്മിഷണര്‍ ഓഫിസിലേക്ക് യൂത്ത്കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗത്തില്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് പരുക്കേറ്റു. തുടര്‍ന്ന് ദേശീയപാത ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുൻപിലും വിവിധ പ്രതിപക്ഷ സംഘടനകൾ പ്രകടനം നടത്തി. പ്രതിഷേധത്തിനിടെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പലര്‍ക്കും പരുക്കേറ്റു. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് അകത്തുകയറിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.