രാത്രിയിൽ ചക്കം കണ്ടത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം പിടികൂടി
ഗുരുവായൂർ : തെക്കൻ പാലയൂർ പ്രദേശത്ത് കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറി ഇന്നലെ രാത്രി അങ്ങാടിത്താഴം തഖ്‌വ മസ്ജിദിന് സമീപം കാനയിലേക്ക് ചെരിഞ്ഞു . നാട്ടുക്കാർ എത്തിയതോടെ വണ്ടിയിലുണ്ടായിരുന്ന ഡ്രൈവർ അടക്കമുള്ളവർ വണ്ടി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. രാത്രി 12 മണിയോടുകൂടിയാണ് സംഭവമുണ്ടായത്. തെക്കൻ പാലയൂരിൽ താമസിക്കുന്ന അഷ്റഫ് തെരുവത്ത് വീട്ടിൽ, കെ.എ. നൗഷാദ്, ഫിറോസ്, സീഫത്ത് ചക്കിയത്ത് എന്നിവരാണ് വണ്ടി തടഞ്ഞ് പോലീസിൽ വിവരം അറിയിച്ചു . സംഭവ സ്ഥലത്തെത്തിയ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുറച്ച് ദിവസക്കൾക്ക് മുമ്പേ മാലിന്യവുമായി വന്ന ഒരു ഓട്ടോറിക്ഷ തെക്കൻ പാലയൂരിൽ നിന്നും നാട്ടുകാർ രാത്രി പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. മാലിന്യം കയറ്റിയ വണ്ടികൾ രാത്രികാലങ്ങളിൽ വന്ന് തെക്കൻ പാലയൂർ, ചക്കംകണ്ടം, അങ്ങാടിത്താഴം മേഖലയിൽ മാലിന്യം തട്ടുന്നത് ഒരു സ്ഥിരം സംഭവമാണ്. ഗുരുവായൂരിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മറ്റൊരു ദുരിതമാണിത് സമ്മാനിക്കുന്നത്. ജനങ്ങൾ സ്വയം സംഘടിച്ച് രാത്രികാലങ്ങളിൽ ഇവിടെ കാവലേർപ്പെടുത്തിയിരിക്കുകയാണ്. ഈ പ്രദേശത്തെ അധികൃതർ അവഗണിക്കുകയും വർഷങ്ങളായി ഇവിടേക്ക് മാലിന്യ മൊഴുക്കുന്നത് തടയാതിരിക്കുകയും ചെയ്യുന്നത് മൂലം ഈ പ്രദേശം അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെയാണ് നേരിടുന്നത്.ദിവസങ്ങൾക്ക് മുൻപ് അങ്ങാടിത്താഴത്ത് കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്ന് കുട്ടികളടക്കം നിരവധി പേർ ആശുപത്രിയിലായിരുന്നു.
കിണറുകളിലെ കുടിവെള്ളത്തിൽ മാരകമായ അളവിൽ കോളിഫോം ബാക്ടീരിയയും കണ്ടെത്തിയിരുന്നു.മാലിന്യത്തിൽ പൊറുതിമുട്ടിയ ജനം കഴിഞ്ഞ മാസം പൗരാവകാശ വേദിയുടെ നേത്രത്വത്തിൽ വായ് മൂടി കെട്ടി മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധം രേഖപെടുത്തിയിരുന്നു.
ജനങ്ങൾ നേരിടുന്ന അതിഗുരുതരമായ വിഷയത്തിൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു് പൗരാവകാശ വേദിയുടെയും, അങ്ങാടിത്താഴം ആക്ഷൻ കൗൺസിലിന്റെ യും സംയുക്താഭ്യ മുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി പൊതുയോഗത്തിൽ പൗരാവകാശ വേദി പ്രസി.നൗഷാദ് തെക്കുംപുറം അധ്യക്ഷനായിരുന്നു.ബി.ജെ.പി.ജില്ലാ കമ്മറ്റി അംഗം അൻമോൽ മോത്തി, പി.വി..അഷ്റഫ് അലി, നൗഷാദ് അഹമ്മു, ഫാമീസ് അബൂബക്കർ, ശ്രീധരൻ ചക്കംകണ്ടം, സി.ആർ.ഹനീഫ, ഷെബീർ മാളിയേക്കൽ, വഹാബ് എടപ്പുള്ളി, ലത്തീഫ് പാലയൂർ, കബീർ പരുത്തിക്കാട്ട്, സി.എം.ജെനീഷ് തുടങ്ങിയവർ സംസാരിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ.അക്ബർ സ്ഥലം സന്ദർശിച്ചു . കേരള മുനിസിപ്പൽ ആക്റ്റിലെ 340 ബി പ്രകാരം വാഹനം കണ്ടു കെട്ടുന്നതിന് പൊലീസിന് രേഖാ മൂലം നിർദേശം നൽകി