കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ ഗവർണർ പിൻവലിച്ചു
തിരുവനന്തപുരം: കേരള സർവകലാശാലയുമായി ബന്ധപ്പെട്ട് അസാധാരണ നടപടിയുമായി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ ഗവർണർ പിൻവലിച്ചു. നോമിനേറ്റ് ചെയ്ത 11 പേരെയും നാല് വിദ്യാർഥി പ്രതിനിധികളേയുമാണ് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം നടന്ന സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതിനാണ് അംഗങ്ങളെ ഒിവാക്കിയത്. 15 അംഗങ്ങളെ പിൻവലിച്ചുവെന്ന് കാണിച്ച് ഗവർണർ കേരള വി.സിക്ക് കത്ത് നൽകി.
വി.സി നിയമനത്തിനായി ചാന്‍സലറായ ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചര്‍ച്ചചെയ്യാനാണ് കഴിഞ്ഞദിവസം യോഗം വിളിച്ചത്. ഗവർണറുടെ അന്ത്യശാസനത്തെ തുടർന്നാണ് സെനറ്റ് യോഗം വിളിച്ചത്. എന്നാല്‍ 91 അംഗങ്ങളുള്ള സെനറ്റില്‍ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു.ഗവർണർ നാമനിർദേശം ചെയ്ത 13 പേരിൽ രണ്ട് പേർ മാത്രമാണ് കഴിഞ്ഞ ദിവസം സെനറ്റ് യോഗത്തിനെത്തിയത്.
യോഗത്തിൽ നിന്ന് എൽ.ഡി.എഫ് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്ന് യോഗത്തിന് ക്വാറം ഇല്ലാതാക്കുകയായിരുന്നു. ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങളും ഇതോടൊപ്പം ചേരുകയായിരുന്നു. അംഗങ്ങളുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ഗവർണർ നാമനിർദേശം പിൻവലിച്ചത്. നാമനിർദേശം ചെയ്യപ്പെട്ടവരുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട്