പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായി ,എൻ സി പി യിൽ ചേരി തിരിവ് രൂക്ഷം .

">

കോട്ടയം : എൽ.ഡി.എഫിലെ സീറ്റ് വിഭജനത്തിൽ  പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതിനെത്തുടർന്ന് എൻ.സി.പി.യിൽ രണ്ട് വിഭാഗങ്ങളും ശക്തിസമാഹരിക്കാൻ തുടങ്ങി. മാണി സി. കാപ്പൻ എം.എൽ.എ.യെ പിന്തുണച്ച് ഔദ്യോഗിക വിഭാഗംതന്നെ യു.ഡി.എഫിലേക്ക് പോയേക്കുമെന്ന ആശങ്ക പാർട്ടിക്കുള്ളിൽ വളരുകയാണ്. ഇരുവിഭാഗങ്ങളും ആളുകളെ തങ്ങളുടെകൂടെ നിർത്താനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റുമാരെയും ഭാരവാഹികളെയും ഒപ്പം ചേർക്കാനാണ് ശ്രമം.ഇതിനായുള്ള നീക്കങ്ങൾ തുടരുകയാണ്.


താഴെ തട്ടിലെ പ്രവർത്തകരെയാണ് പാർട്ടിയിലെ പ്രശ്നങ്ങൾ വെട്ടിലാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ മുന്നണി മാറ്റം ഉണ്ടാവാൻ സാധ്യതയില്ല.. ഇടതുമുന്നണിയിൽ നിന്ന് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ശേഷം, പാർട്ടി മുന്നണി മാറ്റിചവിട്ടിയാൽ ജനപ്രതിനിധികൾ കൂറുമാറ്റ പരിധിയിൽ വരും. മന്ത്രി എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരാണ് ഇക്കാര്യത്തിൽ കൂടുതൽ വിഷമിക്കുന്നത്.കാരണം അവരാണ് വിമത വിഭാഗമാകാൻ കൂടുതൽ സാധ്യതയുള്ളവർ.


ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ഔദ്യോഗിക നേതൃത്വം മുന്നണി വിട്ടാൽ, ഇടതുമുന്നണിയിൽത്തന്നെ തുടരുന്ന ശശീന്ദ്രൻ വിഭാഗത്തെ ജനപ്രതിനിധികളുടെ ഭാവി അനിശ്ചിതത്വത്തിലാവും എന്നുള്ളത് ഉറപ്പാണ്.. ഇത് മുൻകൂട്ടി മനസിലാക്കിയ സിപിഎം  താഴെതട്ടിലെ സീറ്റ് ചർച്ചകളിൽ എൻ.സി.പി. പ്രവർത്തകരുടെ ആവശ്യങ്ങളെ  പരിഗണിക്കുന്നില്ല .ഇത് പരാതിയായി എൻ സി പി കേന്ദ്രങ്ങളിൽ എത്തുന്നുമുണ്ട്.

ഔദ്യോഗിക നേതൃത്വം എൻ.സി.പി. ദേശീയ പ്രസിഡന്റ് ശരത് പവാറിനെ ഈ ആഴ്ച കാണാൻ ആലോചിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന് പാർട്ടി ഇടതുമുന്നണിയിൽ തന്നെ നിൽക്കണമെന്ന് നിർബന്ധമില്ല. ഭരണമാറ്റത്തിന് സാധ്യതയുണ്ടെങ്കിൽ യു.ഡി.എഫിലേക്ക് കളംമാറുന്നതിന് ദേശീയ നേതൃത്വം അനുമതി നൽകിയേക്കും.


തട്ടിപ്പ് കേസിൽ കോടതി ശിക്ഷിച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരക്കലിനെ സസ്പെൻഡ്‌ ചെയ്ത നടപടി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ കഴിഞ്ഞ ദിവസം പിൻവലിച്ചതും വിവാദമായിരിക്കുകയാണ്.

പാർട്ടി അന്വേഷണ വിധേയമായി സസ്പെൻഡ്‌ ചെയ്താൽ, അന്വേഷണത്തിന് സബ് കമ്മിറ്റിയെ നിയോഗിച്ച് അവർ നൽകുന്ന റിപ്പോർട്ട് ചർച്ചചെയ്തു വേണം തുടർ നടപടിയെടുക്കാൻ. ഇത് ചെയ്യാതെ സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി നടപടിയെടുക്കുന്നുവെന്ന ആക്ഷേപമാണ് ശശീന്ദ്രൻ വിഭാഗം ഉന്നയിക്കുന്നത്.എൻ സി പി യിലെ ചേരി തിരിവിൽ സാധാ പ്രവർത്തകർക്ക് ലഭിക്കേണ്ട തൃതല പഞ്ചായത്ത് സ്ഥാനങ്ങൾ അനിശ്ചിതത്തിലായേക്കും.


പാലാ സീറ്റ് ലഭിക്കുന്നില്ലെങ്കിൽ മാണി സി കാപ്പൻ യു  ഡി എഫ് സ്ഥാനാര്ഥിയാകുന്ന കാര്യങ്ങൾ ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്.മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ കരുതുന്നത്.മണ്ഡലത്തിലെ ജനങ്ങൾക്ക്‌ കാപ്പന്റെ പ്രവർത്തികളിൽ സംതൃപ്തി രേഖപ്പെടുത്തുന്നത് കാപ്പന്റെ പ്ലസ് പോയിന്റ് തന്നെയാണ് .കാപ്പന്റെ അടുത്ത് ഏതു പാർട്ടിക്കാർക്കും ഏതു സമയവും ചെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *

Sponsors